ആറാഴ്ചത്തെ ശുദ്ധീകരണത്തിനുശേഷം യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റിന്റെ (യു എസ് എ ഐ ഡി) പ്രോഗ്രാമുകൾക്ക് ഔദ്യോഗികമായ അവസാനം പ്രഖ്യാപിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രോഗ്രാമുകളുടെ ഭൂരിഭാഗവും അവസാനിപ്പിച്ചതായാണ് റൂബിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 80 ശതമാനത്തോളം പ്രോഗ്രാമുകളും അവസാനിപ്പിച്ചതായും ബാക്കിയുള്ള പ്രോഗ്രാമുകളുടെ നിയന്ത്രണം ഇനി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിലായിരിക്കുമെന്നും റൂബിയോ പറഞ്ഞു.
യു എസ് ദീർഘകാലമായി തുടരുന്ന സഹായപദ്ധതികൾ അവസാനിപ്പിക്കാനുള്ള ഈ നീക്കം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇതേക്കുറിച്ച് മാനുഷിക സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയശേഷം ആയിരക്കണക്കിന് യു എസ് എ ഐ ഡി ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിക്കുകയും വിദേശത്തു ജോലി ചെയ്യുന്നവരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ട്രംപ് ആദ്യ ദിവസം ഒപ്പുവച്ച ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ, വിദേശ സഹായധനം മരവിപ്പിക്കാൻ നീക്കം നടത്തുകയും യു എസ് എ ഐ ഡി യുടെ വിദേശപ്രവർത്തനങ്ങൾ പുന:പരിശോധിക്കാൻ ഉത്തരവിടുകയും ചെയ്തു.
ഇതുവരെ നടന്ന സംഭവങ്ങളുടെ അവലോകനത്തിനുശേഷം യു എസ് എ ഐ ഡി യുടെ 6,200 പ്രോഗ്രാമുകളിൽ ഏകദേശം 5,200 എണ്ണമാണ് ഔദ്യോഗികമായി അവസാനിപ്പിച്ചതെന്ന് റൂബിയോ തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. കോൺഗ്രസുമായി കൂടിയാലോചിച്ച് ബാക്കിയുള്ള പ്രോഗ്രാമുകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന് കീഴിൽ കൊണ്ടുവന്ന് കൂടുതൽ ഫലപ്രദമായി ചെയ്യാൻ ഉദ്ദേശിക്കുന്നതായി റൂബിയോ കൂട്ടിച്ചേർത്തു.