Monday, April 21, 2025

യു എസ് എ ഐ ഡി രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടും; അഡ്മിനിസ്ട്രേറ്റീവ് അവധിയിലുള്ള ശേഷിക്കുന്ന ജീവനക്കാരെ ഒഴിവാക്കും

യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിലെ (USAID) ഏകദേശം രണ്ടായിരം ജീവനക്കാരെ പിരിച്ചുവിടുമെന്നും ശേഷിക്കുന്ന മുഴുവൻസമയ ജീവനക്കാരിൽ ഭൂരിഭാഗത്തെയും ഞായറാഴ്ച രാത്രിമുതൽ പ്രാബല്യത്തിൽവരുന്ന തരത്തിൽ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിക്കുമെന്നും ഉത്തരവിറങ്ങി. ദൗത്യ-നിർണ്ണായക പ്രവർത്തനങ്ങൾ, പ്രധാന നേതൃത്വം, പ്രത്യേകം നിയുക്തമാക്കിയ പ്രോഗ്രാമുകൾ എന്നിവയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാത്രമേ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽനിന്ന് ഒഴിവാക്കൂ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള തീരുമാനം ഇമെയിൽ വഴി ഭരണകൂടം ജീവനക്കാരെ അറിയിച്ചു.

ഭരണകൂടത്തിന്റെ തീരുമാനത്തിൽ യു എസ് എ ഐ ഡി ജീവനക്കാരെ പ്രതിനിധീകരിക്കുന്ന അമേരിക്കൻ ഫോറിൻ സർവീസ് അസോസിയേഷൻ (എ എഫ് എസ് എ) കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിച്ചു. ജീവനക്കാരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിന് ഇത് വരുത്തിവച്ച ദോഷങ്ങൾ ചൂണ്ടിക്കാട്ടി. ലോകമെമ്പാടും മാനുഷികസഹായം നൽകുന്ന ഫെഡറൽ ഏജൻസി അടച്ചുപൂട്ടലിനൊരുങ്ങുന്നതിനു മുന്നോടിയായാണ് ഇതിന്റെ നീക്കം.

ആയിരക്കണക്കിന് യു എസ് എ ഐ ഡി ജീവനക്കാരെ അവധിയിൽ പ്രവേശിപ്പിക്കുന്നതിൽനിന്ന് സർക്കാരിനെ തടയുന്ന താൽക്കാലിക നിരോധന ഉത്തരവ് പിൻവലിക്കാനുള്ള ഒരു ഫെഡറൽ ജഡ്ജിയുടെ തീരുമാനത്തെ തുടർന്നാണ് പിരിച്ചുവിടലുകളും അഡ്മിനിസ്ട്രേറ്റീവ് അവധിയും. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, മാനുഷികസഹായം നൽകാനും ആഗോളദുരന്തങ്ങളോട് പ്രതികരിക്കാനുമുള്ള ഏജൻസിയുടെ കഴിവിനെ ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Latest News