Thursday, April 3, 2025

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം മൗലികാവകാശമല്ലെന്ന് അലഹാബാദ് ഹൈക്കോടതി

മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി. ഇത് മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് ഭരണഘടനാപരമായ അവകാശമില്ലെന്നാണ് നിയമം വ്യക്തമാക്കുന്നതെന്ന് ഹൈക്കോടതി വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ എന്നയാളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ധോരന്‍പുരിലെ നൂറി മസ്ജിദില്‍ ഉച്ചഭാഷിണി സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി 2021 ഡിസംബര്‍ മൂന്നിന് ബിസൗലി സബ്്-ഡിവിഷന്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇര്‍ഫാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെയും നിയമപരമായ അവകാശങ്ങളുടെയും ലംഘനമാണ് വിധിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണികളുടെ ഉപയോഗം മൗലികാവകാശമല്ലെന്ന ഹൈക്കോടതി വിധി.

 

 

 

 

 

 

Latest News