Saturday, April 19, 2025

റഷ്യയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്, വ്യാജവാര്‍ത്തകള്‍ക്ക് 15 വര്‍ഷം വരെ തടവ്! പുതിയ നിയമം കൊണ്ടുവന്ന് പുടിന്‍; സംപ്രേഷണം നിര്‍ത്തിവെച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും

പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റഷ്യയില്‍ സംപ്രേഷണം നിര്‍ത്തിവെച്ചു. ബിബിസി, സിഎന്‍എന്‍, ബ്ലുംബെര്‍ഗ്, സിബിഎസ് തുടങ്ങിയ മാധ്യമങ്ങളാണ് റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. റഷ്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഞങ്ങളുടെ പത്രപ്രവര്‍ത്തകരെ തടഞ്ഞു, പുതിയ നിയമം സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ പ്രക്രിയയെ ക്രിമിനല്‍വല്‍ക്കരിക്കുന്നതായി തോന്നുന്നുവെന്ന് മാധ്യമങ്ങള്‍ പ്രതികരിച്ചു.

റഷ്യന്‍ സൈന്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്ക് ജയില്‍ശിക്ഷ നല്‍കുന്ന ബില്ലില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ സംപ്രേഷണം നിര്‍ത്തിവെച്ചത്. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് പുതിയ നിയമം.

സൈന്യത്തെ കുറിച്ചുള്ളത് തെറ്റായ വാര്‍ത്തകളാണെന്ന് അറിഞ്ഞിട്ടും അത് പ്രചരിപ്പിക്കുന്നവര്‍ക്ക് പുതിയ നിയമ നിര്‍മാണത്തിലൂടെ വ്യാജവാര്‍ത്തകളുടെ വ്യാപ്തിയും കണ്ടന്റുകളിലെ സ്വഭാവവുമനുസരിച്ച് ജയില്‍ ശിക്ഷയുടെ കാലാവധിയും പിഴത്തുകയുടെ വലിപ്പവും മാറിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമം പ്രാബല്യത്തില്‍ വന്നതോടെ റഷ്യയിലുള്ള മാധ്യമപ്രവര്‍ത്തകരെ ബിബിസി തിരിച്ചു വിളിച്ചു. പുതിയനിയമം സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ കുറ്റകൃത്യമാക്കുന്നതാണെന്നും വ്യാജവാര്‍ത്ത ആരോപിച്ച് ആരേയും തടങ്കലില്‍ ഇടുന്നതാണെന്നും ബിബിസി ആരോപിച്ചു.

ഇതിനെല്ലാം പുറമേ, സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്ക് റഷ്യയില്‍ വിലക്കുമേര്‍പ്പെടുത്തി. ഈ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്നു കാട്ടിയാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഈ തീരുമാനം.

Latest News