Friday, April 11, 2025

സുരക്ഷാവീഴ്ച ഗുരുതരം; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി

കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരന്തരം സുരക്ഷാവീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ അടിയന്തിര ഇടപെടലുമായി കേരള ഹൈക്കോടതി. എട്ടു സെക്യൂരിറ്റി ജീവനക്കാരെ ഉടന്‍ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. നാലുപേര്‍ പകലും നാലുപേര്‍ രാത്രിയിലും ഡ്യൂട്ടിയിലുണ്ടാകുന്ന തരത്തില്‍ ഇവരെ നിയമിക്കാനാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ജസ്റ്റീസ് സതീഷ് നൈനാന്‍ നിര്‍ദേശം നല്‍കിയത്. ഇതു നടപ്പാക്കി 23നകം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ പറയുന്നു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ എണ്ണമടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് എത്ര സെക്യൂരിറ്റി ജീവനക്കാര്‍ വേണമെന്നു വ്യക്തമാക്കി കോഴിക്കോട് ജില്ലാ ജഡ്ജി അധ്യക്ഷനായ നിരീക്ഷണസമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ പറയുന്നു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന കൊലപാതകവും പിന്നാലെ ഇവിടെ നിന്ന് അന്തേവാസികള്‍ ചാടിപ്പോകുന്നത് പതിവായ സാഹചര്യവും ഉണ്ടായതിനാലാണ് ഹൈക്കോടതി ഇടപെടല്‍.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് ഇവിടെ നിന്ന് ചാടിപ്പോയത്. ഇവരില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു. ബാത്ത്‌റൂമിന്റെ വെന്റിലേറ്റര്‍ പൊളിച്ച് ചാടിപോയ ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവിനെ ഷൊര്‍ണൂരില്‍ വച്ച് പോലീസ് കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചിരുന്നു. പിന്നാലെ പുലര്‍ച്ചെ അഞ്ചാം വാര്‍ഡില്‍ നിന്ന് പതിനേഴുകാരിയായ പെണ്‍കുട്ടിയും രക്ഷപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി ചാടിപ്പോയത്. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന വെല്ലുവിളികള്‍.

നിലവില്‍ നാല് സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്‌മെന്റിന് കഴിയുന്നില്ല.

 

Latest News