Monday, November 25, 2024

ഉത്തരാഖണ്ഡ് പ്രതിസന്ധി: കേന്ദ്ര സഹായം ഉറപ്പ് നല്‍കി പിഎംഒ

ജോഷിമഠിലെ പ്രതിസന്ധിയെ നേരിടാൻ ഉത്തരാഖണ്ഡിന് എല്ലാവിധ കേന്ദ്രസഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ). സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നടത്തിയ യോഗത്തിലാണ് ഇക്കാര്യം പിഎംഒ അറിയിച്ചത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ജോഷിമഠ് ജില്ലാ ഭാരവാഹികളും ഉത്തരാഖണ്ഡിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

ജനുവരി ആദ്യം മുതല്‍ ഭൂമി ഇടിഞ്ഞുതാഴുന്ന സ്ഥിതിയാണ് ജോഷിമഠില്‍. അശാസ്ത്രീയമായ നിര്‍മ്മിതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് പ്രതിസന്ധിക്കു കാരണമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് പിഎംഒ -യുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നത്. യോഗത്തില്‍ പതിനൊന്നു കോടി രൂപ അധികസഹായമായി ഉത്തരാഖണ്ഡിന് നല്‍കുമെന്നും അറിയിച്ചു.

“ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) ഒരു ടീമും (എൻഡിആർഎഫ്) സംസ്ഥാന ദുരന്തനിവാരണ സേനയുടെ (എസ്ഡിആർഎഫ്) നാല് ടീമുകളും ഇതിനകം ജോഷിമഠിലുണ്ട്. ഭൂമി താഴുകയും നൂറുകണക്കിന് വീടുകളിൽ വിള്ളലുകൾ വികസിക്കുകയും ചെയ്യുന്നതിനാൽ പരിഭ്രാന്തിയും ആശങ്കയും നിറഞ്ഞിരിക്കുകയാണ്. അതിനാല്‍ ദുരന്തബാധിത പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷക്കാണ് അടിയന്തര മുൻഗണന നൽകേണ്ടത്. പ്രദേശവാസികളുമായി വ്യക്തവും നിരന്തരവുമായ ആശയവിനിമയം സംസ്ഥാനം സ്ഥാപിക്കണം” – പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര വ്യക്തമാക്കി.

ബോർഡർ മാനേജ്മെന്റ് സെക്രട്ടറിയും ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗങ്ങളും ഇന്ന് ഉത്തരാഖണ്ഡ് സന്ദർശിക്കും. എൻഡിഎംഎ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ്, ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ഐഐടി റൂർക്കി, വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി, സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സംഘവും സ്ഥിതിഗതികൾ പഠിച്ച് ശുപാർശകൾ നൽകും.

Latest News