ഉത്തരകാശി രക്ഷാദൗത്യത്തില്‍ ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമെന്ന് ദുരന്തനിവാരണ സെക്രട്ടറി രഞ്ജിത്ത് സിന്‍ഹ. തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാക്കുഴല്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
നവംബര്‍ 12ാണ് ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് 40 തൊഴിലാളികള്‍ അതില്‍ കുടുങ്ങുന്നത്. ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിന്റെ ഭാഗമാണ് തകര്‍ന്നത്. 40 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും എട്ടുപേര്‍ ഉത്തര്‍പ്രദേശ്, അഞ്ച് പേര്‍ ഒഡീഷ, നാല് പേര്‍ ബിഹാര്‍, മൂന്ന് പേര്‍ പശ്ചിമബംഗാള്‍, ഒരാള്‍ ഹിമാചല്‍ പ്രദേശ്, രണ്ടുപേര്‍ വീതം ഉത്തരാഖണ്ഡ്, അസം എന്നിവടങ്ങളില്‍ നിന്നുള്ളരാണെന്ന് എന്‍എച്ച്ഐഡിസിഎല്‍ അറിയിച്ചു.
ഓഗര്‍ ഡ്രില്ലിംഗ് മെഷീന്‍ വഴിയുള്ള രക്ഷ ദൗത്യമാണ് ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുന്നത്. പ്രഥമ പരിഗണന അതിന് തന്നെയാണ് നല്‍കുന്നത്. ഡ്രില്ലിങ് മെഷീന്‍ വഴിയുള്ള പ്രവര്‍ത്തനം വിജയകരമായാല്‍ ഒന്നര ദിവസത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് രഞ്ജിത്ത് സിന്‍ഹ പറഞ്ഞു. നിലവില്‍ മറ്റൊരു പൈപ്പ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചിട്ടുണ്ട്. അതുവഴിയാണ് ഭക്ഷണം നല്‍കുന്നത്. രക്ഷാദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രഞ്ജിത്ത് സിന്‍ഹ പറഞ്ഞു.