Monday, November 25, 2024

ടണലില്‍ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് രക്ഷാപ്രവര്‍ത്തകര്‍; തൊഴിലാളികളുമായി വാക്കിടോക്കിയിലൂടെ സംസാരിച്ചു

ഉത്തരാഖണ്ഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉത്തരകാശി ടണലില്‍ അകപ്പെട്ട തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍. എന്‍ഡോസ്‌കോപ്പി ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കാനായി നിര്‍മ്മിച്ച 6 ഇഞ്ച് വ്യാസമുള്ള ദ്വാരത്തിലൂടെയാണ് ക്യാമറ കടത്തിവിട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

തൊഴിലാളികളുമായി വാക്കിടോക്കിയിലൂടെ സംസാരിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ തൊഴിലാളികളും സുരക്ഷിതരാണ്. ആവശ്യത്തിന് ആഹാരവും ജലവും പാറ തുരന്ന് നിര്‍മ്മിച്ച ദ്വാരത്തിലൂടെ നല്‍കാനായി. ആരോഗ്യം നിലനിര്‍ത്താനായി ഡ്രൈഫ്രൂട്ട്സും മറ്റ് അവശ്യസാധനങ്ങളും നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രക്ഷാദൗത്യം ഒമ്പതാം ദിനവും പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ബിആര്‍ഒ, ഐടിബിപി എന്നീ സര്‍ക്കാര്‍ ഏജന്‍സികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ മൂന്ന് തരത്തിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ടണലിന്റെ മുകളില്‍ നിന്നും താഴേക്ക് രണ്ടുവശങ്ങളിലേക്ക് തുരന്നാണ് രണ്ട് ദൗത്യങ്ങള്‍. മറ്റൊന്ന് ടണലിലേക്ക് വീണ പാറ നീക്കം ചെയ്തുള്ള പ്രവര്‍ത്തനമാണ്. ഡിആര്‍ഡിഒ റോബോട്ടിക് ടീമും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. ടണലിംഗ് വിദഗ്ധരുടെ ഒരു ടീമും കഴിഞ്ഞദിവസം കഴിഞ്ഞദിവസം സ്ഥലത്ത് എത്തിയിരുന്നു.

 

 

 

Latest News