മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസ്സുകള്‍ വിലക്കിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ്, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അവധിക്കാല ക്ലാസുകൾ നിരോധിച്ചുകൊണ്ട് ഈ മാസം രണ്ടിനാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്നാണ് 2017ലെ സർക്കാർ ഉത്തരവ്. എന്നാല്‍ ഇത് അവഗണിച്ചുകൊണ്ട് സംസ്ഥാനത്തെ നിരവധി സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് 2017ലെ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് മേയ് രണ്ടിനു പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്.
അതേസമയം, രണ്ടാഴ്ചത്തേക്കാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി ക്ലാസുകൾ നടത്താമെന്ന് കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഗുണത്തിനാണ് വെക്കേഷൻ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം. കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി പറഞ്ഞു.