സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേഭാരത് എക്സ്പ്രസ് രാജ്യത്തു തരംഗമായതിനു പിന്നാലെ “വന്ദേ മെട്രോ” ആരംഭിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. 100 കിലോമീറ്ററിൽ താഴെ ദൂരമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കാനാണ് പദ്ധതി കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച വിവരം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
‘യൂറോപ്പിലെ ട്രെയിനുകള്‍ക്ക് സമാനമായ പദ്ധതിയാണ് വന്ദേ മെട്രോ. ഇതുവഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്ര സൗകര്യം ട്രെയിന്‍ യാത്രികര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. വന്ദേ മെട്രോയുടെ വരവോടെ ലോക്കല്‍ ട്രെയിനുകളിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നും വിലയിരുത്തുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 2023 ഡിസംബറോടെ “വന്ദേ മെട്രോ” ഓടി തുടങ്ങുമെന്നാണ് വിവരം. അതിവേഗം സഞ്ചരിക്കാന്‍ കഴിയും വിധത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന മെട്രോ ദിവേസന അഞ്ചു സര്‍വ്വീസുകള്‍ നടത്തും. ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിക്കും, ലക്നൗവിലെ റിസര്‍ച്ച് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനുമാണ് നിര്‍മ്മാ ചുമതല നല്‍കിയിരിക്കുന്നത്. എട്ടു കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് വന്ദേ മെട്രോ രൂപകല്‍പന ചെയ്യുന്നത്.