Friday, July 5, 2024

വത്തിക്കാന്‍ ക്രിക്കറ്റ് ടീമില്‍ എല്ലാവരും മലയാളികള്‍; ആദ്യ അന്താരാഷ്ട്ര മത്സരം ഇംഗ്ലണ്ടില്‍

വത്തിക്കാന്റെ ഔദ്യോഗിക ക്രിക്കറ്റ് ടീമായ സെയ്ന്റ് പീറ്റേഴ്സ് ക്ലബ്ബ് സമ്പൂര്‍ണ മലയാളി ടീമായി. ഈ അന്താരാഷ്ട്ര ടീമില്‍ ആദ്യം ഇടം നേടിയത് അഞ്ച് മലയാളികളായിരുന്നു. ഇപ്പോള്‍ വൈദികരും വൈദിക വിദ്യാര്‍ഥികളുമടങ്ങുന്ന ടീമില്‍ മുഴുവനും മലയാളികളാണ്. ടീമിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം ഇംഗ്ലണ്ടില്‍ വെള്ളിയാഴ്ച നടക്കും.

ജൂലായ് അഞ്ചുവരെ ഇവിടെ വിവിധ ടീമുകളുമായി മത്സരിക്കും. ‘വിശ്വാസത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്ര’ എന്ന പേരില്‍ നടത്തുന്ന മത്സര പരമ്പരയുടെ 10-ാം പതിപ്പിലാണ് വത്തിക്കാന്‍ ടീം പാഡുകെട്ടുന്നത്. വത്തിക്കാന്‍ സിറ്റിയിലെ സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ടീമംഗങ്ങള്‍ ഫ്രാന്‍സിസ് പാപ്പയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു.

ചങ്ങനാശ്ശേരി സ്വദേശി ഫാ. ജോസ് ഈട്ടുള്ളിയാണ് ക്യാപ്റ്റന്‍. ഫാ. നെല്‍സണ്‍ പുത്തന്‍പറമ്പില്‍ (കണ്ണൂര്‍), ഫാ. ജോസ് റീച്ചൂസ് (തിരുവനന്തപുരം), ഫാ. പ്രിന്‍സ് അഗസ്റ്റിന്‍ (കോട്ടയം), ഫാ. അബിന്‍ മാത്യു (പാല), ഫാ. ജോജി കാവുങ്കല്‍ (ചാലക്കുടി), ഫാ. സാന്റോ തോമസ് (കണ്ണൂര്‍), ഫാ. പോള്‍സണ്‍ കൊച്ചുതറ (കൊച്ചി), ഫാ. എബിന്‍ ഇല്ലിക്കല്‍ (തൃശ്ശൂര്‍), ബ്രദര്‍ എബിന്‍ ജോസ് (ഇടുക്കി), ബ്രദര്‍ ജെയ്സ് ജെയ്മി (കോതമംഗലം), ബ്രദര്‍ അജയ് പൂവന്‍പുഴ (കണ്ണൂര്‍) എന്നിവരാണ് ടീമംഗങ്ങള്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News