ലെയോ പതിനാലാമൻ പാപ്പയ്ക്കായി ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വത്തിക്കാൻ ആരംഭിച്ചു. “ഇന്ന് മുതൽ, ഫ്രാൻസിസ് മാർപാപ്പയും ബെനഡിക്റ്റ് പതിനാറാമനും മുൻപ് ഉപയോഗിച്ചിരുന്ന X @Pontifex അക്കൗണ്ടുകൾ ഇനി മുതൽ ലെയോ പതിനാലാമൻ പാപ്പ ഏറ്റെടുക്കുന്നു” എന്ന് കമ്മ്യൂണിക്കേഷൻസ് ഡിക്കാസ്റ്ററി ഒരു പ്രസ്താവനയിൽ സൂചിപ്പിച്ചു.
അതേസമയം സോഷ്യൽ നെറ്റ്വർക്കായ ഇൻസ്റ്റഗ്രാമിൽ ഒരു പുതിയ അക്കൗണ്ട് പാപ്പ തുറന്നിട്ടുണ്ട്. “ഇൻസ്റ്റാഗ്രാമിൽ, പുതിയ പോപ്പിന്റെ അക്കൗണ്ട് ‘@Pontifex – Pope Leo XIV’ എന്നാണ് അറിയപ്പെടുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ @Franciscus എന്ന അക്കൗണ്ടിന് തുടർച്ചയായി, ഈ പ്ലാറ്റ്ഫോമിലെ പരിശുദ്ധ പിതാവിന്റെ ഏക ഔദ്യോഗിക അക്കൗണ്ടാണിത്,” ഡികാസ്റ്ററി അഭിപ്രായപ്പെട്ടു.
“സോഷ്യൽ മീഡിയയിൽ പാപ്പമാരുടെ സാന്നിധ്യം ആരംഭിച്ചത് 2012 ഡിസംബർ 12-ന്, അന്നത്തെ ട്വിറ്ററിൽ ബെനഡിക്ട് പതിനാറാമൻ പോപ്പ് @Pontifex അക്കൗണ്ട് ആരംഭിച്ചതോടെയാണ്” എന്ന് വത്തിക്കാൻ അനുസ്മരിച്ചു. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, അറബിക്, ലാറ്റിൻ ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന ഈ അക്കൗണ്ടിന് 52 ദശലക്ഷം ഫോളോവേഴ്സാണുള്ളത്.