ലെയോ പതിനാലാമൻ മാർപാപ്പ മാർച്ച് 28 ന് മൊണോക്കോയിലേക്കു നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിന്റെ ഔദ്യോഗികവിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ. ഓശാന ഞായറിന് തലേദിവസം നടക്കുന്ന ഈ ഏകദിന സന്ദർശനം മൊണോക്കോയുടെ ചരിത്രത്തിലെ ആദ്യത്തെ പേപ്പൽ സന്ദർശനമാണ്.
മാർച്ച് 28 ശനിയാഴ്ച രാവിലെ ഏഴുമണിക്ക് വത്തിക്കാനിലെ ഹെലിപോർട്ടിൽ നിന്ന് മാർപാപ്പ ഹെലികോപ്റ്റർ മാർഗം മൊണോക്കോയിലേക്ക് പുറപ്പെടും. രാവിലെ ഒൻപതിന് മൊണോക്കോയിലെത്തുന്ന പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് 9.25 ന് മൊണോക്കോ കൊട്ടാരത്തിലെത്തുന്ന മാർപാപ്പ, ആൽബർട്ട് രണ്ടാമൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തും.
രാവിലെ 11 ന് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിൽ വച്ച് പാപ്പ മൊണോക്കോയിലെ വിശ്വാസിസമൂഹത്തെ അഭിസംബോധന ചെയ്യും. തുടർന്ന് 11.45 ന് സെന്റ് ഡിവോട്ട് ചർച്ചിന് മുന്നിൽ വച്ച് യുവജനങ്ങളുമായും കാറ്റക്കുമിനുകളുമായും മാർപാപ്പ സംവദിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ (Louis II Stadium) വച്ച് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. ആയിരക്കണക്കിന് വിശ്വാസികൾ ഈ ചടങ്ങിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈകുന്നേരം 5.45 ന് മൊണോക്കോയിൽ നിന്ന് തിരിക്കുന്ന മാർപാപ്പ രാത്രി 7.45 ഓടെ വത്തിക്കാനിൽ തിരിച്ചെത്തും.

