യുക്രേനിയന്‍ വിദേശകാര്യ മന്ത്രിയായ ഡിമിത്രോ കുലേബയുമായി കൂടിക്കാഴ്ച നടത്തി വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഗര്‍. മേയ് 20 ന് കീവില്‍ വച്ചാണ് ഇവര്‍ കൂടിക്കാഴ്ച നടത്തിയത്.
ലോക സമാധാനം പുനസ്ഥാപിക്കുന്നതായിരുന്നു ഇവരുടെ ചര്‍ച്ചാ വിഷയം. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചയ്ക്ക് വത്തിക്കാന്‍ സന്നദ്ധത അറിയിച്ചു. ‘റഷ്യന്‍ അധിനിവേശത്തില്‍ ദുരിതമനുഭവിക്കുന്ന യുക്രേനിയക്കാരോട് പരിശുദ്ധ സിംഹാസനത്തിന്റെ അടുപ്പം പ്രകടിപ്പിക്കാനാണ് ഈ സന്ദര്‍ശനം. ഈ സന്ദര്‍ശനത്തിലൂടെ യുക്രേനിയന്‍ ജനതയുടെ മുറിവുകളില്‍ സ്പര്‍ശിക്കാനും സമാധാനത്തിനായുള്ള അവരുടെ നിലവിളി കേള്‍ക്കാനും എനിക്ക് സാധിച്ചു’ – ആര്‍ച്ചുബിഷപ്പ് പോള്‍ പറഞ്ഞു.
ആര്‍ച്ചുബിഷപ്പ് പോള്‍ മേയ് 18 നാണ് യുക്രൈനിലെത്തിയത്. റഷ്യന്‍ അധിനിവേശത്തില്‍ തകര്‍ന്ന യുക്രൈന്‍ നഗരങ്ങളായ ബുച്ച, വോര്‍സെല്‍, ഇര്‍പിന്‍ എന്നിവയും ആര്‍ച്ചുബിഷപ്പ് സന്ദര്‍ശിച്ചിരുന്നു. 68 കാരനായ ആര്‍ചച്ചുബിഷപ്പ് ബുച്ചയിലെ കൂട്ടക്കുഴിമാടങ്ങളില്‍ പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു.
ഫ്രാന്‍സിസ് പാപ്പായുടെ ആഭ്യര്‍ത്ഥനപ്രകാരം യുക്രൈനിലേയ്ക്ക് യാത്ര ചെയ്യുന്ന പാപ്പായുടെ മൂന്നാമത്തെ പ്രതിനിധിയാണ് ആര്‍ച്ചുബിഷപ്പ് പോള്‍.