ലെയോ പതിനാലാമൻ മാർപാപ്പയുടെ പൊന്തിഫിക്കേറ്റ് ആരംഭിച്ചതിന്റെ സ്മരണയ്ക്കായി വത്തിക്കാൻ ഇന്ന് തപാൽസ്റ്റാമ്പുകൾ പുറത്തിറക്കും. വത്തിക്കാനിൽ പ്രാബല്യത്തിലുള്ള നാല് തപാൽനിരക്കുകൾക്കു തുല്യ മൂല്യങ്ങളുള്ള നാലു സ്റ്റാമ്പുകളാണ് പുറത്തിറക്കുന്നത്.
അവയിൽ രണ്ടെണ്ണത്തിൽ ചുവന്ന മൊസെറ്റ, എംബ്രോയിഡറി ചെയ്ത സ്റ്റോൾ, റോച്ചെ, സ്വർണ്ണ പെക്ടറൽ കുരിശ് എന്നിവ ധരിച്ച മാർപാപ്പയുടെ ഔദ്യോഗിക ഛായാചിത്രം കാണാം. മറ്റൊന്നിൽ മെയ് ഒൻപതിന് സിസ്റ്റൈൻ ചാപ്പലിൽ എല്ലാ കർദിനാളന്മാരുമൊത്ത്, മാർപാപ്പയായശേഷം തന്റെ ആദ്യത്തെ വിശുദ്ധ കുർബാന അർപ്പിക്കുന്ന ചിത്രമാണുള്ളത്.
പരിശുദ്ധ സിംഹാസന പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് അനുസരിച്ച്, വത്തിക്കാനിലെ ഔദ്യോഗിക വിൽപനകേന്ദ്രങ്ങളിലും ഓൺലൈനിലും ഈ തപാൽസ്റ്റാമ്പുകൾ ലഭ്യമാകും.