ചരിത്രത്തിലിടം പിടിച്ചിരിക്കുകയാണ് ഗുരുവായൂരിലെ ഒരു വാഹനപൂജ. ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബി. രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്ടറിന് നടത്തിയ പൂജയാണ് ഏറെ വ്യത്യസ്തവും ചരിത്രത്തില്‍ ആദ്യത്തേതുമായത്.
100 കോടിയോളം രൂപ മുടക്കിയാണ് രവി പിള്ള എച്ച് 145 ഡി 3 എയര്‍ ബസ് വാങ്ങിയത്. ലോകത്താകെ 1500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നാണിത്. വൈകിട്ട് മൂന്നുണിയോടെ അരിയന്നൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടര്‍ ലാന്‍ഡു ചെയ്തത്. തുടര്‍ന്ന് ഹെലികോപ്ടര്‍ ക്ഷേത്രത്തിന് അഭിമുഖമായി നിര്‍ത്തിയശേഷം മുന്നില്‍ നിലവിളക്കുകള്‍ കൊളുത്തി വച്ചു. അതിനുശേഷം പൂജ നിര്‍വഹിച്ചു.
രവി പിള്ളയ്‌ക്കൊപ്പം മകന്‍ ഗണേഷ് രവി പിള്ളയും പൈലറ്റുമാരായ ക്യാപ്റ്റന്‍ സുനില്‍ കണ്ണോത്തും ക്യാപ്റ്റന്‍ ജി.ജി. കുമാറും ഉണ്ടായിരുന്നു. ഹെലികോപ്ടര്‍ വാങ്ങിയതിനു ശേഷം പൂജയ്ക്കായി ഗുരുവായൂരിലേയ്ക്കാണ് രവി പിള്ള ആദ്യ യാത്ര നടത്തിയത്.