മൂന്നുവര്‍ഷത്തിനുശേഷം നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് വെനസ്വേലയും കൊളംബിയയും. കൊളംബിയയുടെ പുതിയ ഇടതുപക്ഷ പ്രസിഡന്റ് ഗുസ്താവോ പെത്രോയുടെയും വെനസ്വേലയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെയും മുന്‍കൈയിലാണ് നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്.
കൊളംബിയയില്‍നിന്ന് ഒരുവിഭാഗം ആളുകള്‍ 2019ല്‍ ട്രക്കുകള്‍ നിറയെ ഭക്ഷണവും മരുന്നുമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നു. ഇത് അമേരിക്കന്‍ പിന്തുണയോടെയുള്ള അട്ടിമറി ശ്രമമാണെന്ന് വെനസ്വേല ആരോപിച്ചിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തി അടയ്ക്കുകയും കൊളംബിയയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തത്. കൊളംബിയയുടെ മുന്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കെ 2019ലെ മഡൂറോയുടെ തുടര്‍വിജയം അംഗീകരിച്ചിരുന്നില്ല.
ഇടക്കാല പ്രസിഡന്റായെന്ന പ്രതിപക്ഷ നേതാവ് യുവാന്‍ ഗ്വെയ്ഡോയുടെ പ്രഖ്യാപനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പെത്രോ അധികാരത്തിലെത്തിയശേഷം ഇരു രാജ്യവും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുകയായിരുന്നു. ഇരു രാജ്യത്തിനുമിടയിലുള്ള 2000 കിലോമീറ്റര്‍ അതിര്‍ത്തി തുറക്കും. സൈനിക സഹകരണം പുനഃസ്ഥാപിക്കുമെന്നും ഇരു രാജ്യവും പ്രഖ്യാപിച്ചിട്ടുണ്ട്.