ഇറ്റലിയുടെ വടക്കു കിഴക്ക്, വെനെറ്റോ റീജിയണിന്റെ തലസ്ഥാനം ആണ് വെനീസ്. 118 ചെറിയ ദ്വീപുകള്‍ കൂടുന്ന ഒന്നാണ് ഇവിടം. ഇവിടെ ചെറിയ കനാലുകളെ ചെറിയ പാലങ്ങളിലൂടെ കോര്‍ത്തിരിക്കുന്നു. ഏകദേശം 400ഓളം ചെറുതും വലുതുമായ പാലങ്ങളും കാണാന്‍ സാധിക്കും. വെള്ളത്തിന്റെ നഗരം എന്നും, മുഖംമൂടികളുടെ നഗരം എന്നും, പൊങ്ങിക്കിടക്കുന്ന നഗരം എന്നും പാലങ്ങളുടെ നഗരം എന്നും വെനീസിനെ വിളിച്ചു വരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.
വെനീസിന്റെ ചരിത്രം
റോമാസാമ്രാജ്യത്തില്‍ നിന്ന് രക്ഷപ്പെട്ട് ദ്വീപില്‍ അഭയം തേടിയവരാണ് വെനീസിലെ ജനങ്ങളുടെ പൂര്‍വികര്‍. ചതുപ്പു നിലം നികത്തി തൂണുകള്‍ നാട്ടിയശേഷം അതിനു മുകളില്‍ കെട്ടിടം നിര്‍മ്മിച്ച് അവര്‍ വീടുകളുണ്ടാക്കി. കെട്ടിടങ്ങള്‍ക്കു നടുവിലൂടെ ജലപാതകള്‍ തെളിച്ചു. ഗ്രാന്റ് കനാല്‍ ഉള്‍പ്പെടെ വെനീസില്‍ ബോട്ട് സവാരി നടത്തുന്ന വഴികളെല്ലാം അങ്ങനെ ഉണ്ടായതാണ്.
ഗൊണ്ടോളകളുടെ ലോകം
വെനീസില്‍ കെട്ടിടങ്ങളേക്കാള്‍ കൂടുതലുള്ളത് ഗൊണ്ടോളയാണ്. കറുത്ത നിറത്തിലുള്ള ചെറുവള്ളമാണ് ഗൊണ്ടോള. യാത്രക്കാര്‍ ഒറ്റയ്ക്കും കൂട്ടമായും ഗൊണ്ടോളകളില്‍ സഞ്ചരിക്കുന്നു. രണ്ടുപേര്‍ക്കു സുഖമായി യാത്ര ചെയ്യാവുന്ന കൊതുമ്പുവള്ളമാണത്. എല്ലാ ഗൊണ്ടോളകളുടേയും നിറം കറുപ്പാണ്. വഞ്ചി തുഴയുന്ന എല്ലാവര്‍ക്കും വെള്ളയും കറുപ്പും നിറത്തിലുള്ള വേഷമാണുള്ളത്. വാട്ടര്‍ ബസ് എന്നറിയപ്പെടുന്ന പൊതുയാത്രാമാര്‍ഗവും ഇവിടുത്തെ സവിശേഷതയാണ്.
ഫ്‌ളോട്ടിംഗ് സിറ്റി
കായലിനു നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളുടെ നഗരമാണു വെനീസ്. ഹോട്ടലുകളും സര്‍ക്കാര്‍ ഓഫീസുകളും വന്‍കിട ബിസിനസ് സ്ഥാപനങ്ങളുമൊക്കെ പ്രവര്‍ത്തിക്കുന്നത് കായലിനരികിലാണ്. ഫ്‌ളോട്ടിംഗ് സിറ്റിയെന്നാണ് വെനീസ് അറിയപ്പെടുന്നത്. പോ, പൈവ എന്നിങ്ങനെ രണ്ടു നദികളുടെ നടുവിലാണ് ഈ തുറമുഖ നഗരം.
ഡോഗ്‌സ് പാലസ്
വെനീസിലെ ഏറ്റവും പ്രധാന കേന്ദ്രമായ പിയാസ സാന്‍ മാര്‍ക്കോയിലാണ് ഡോഗ്‌സ് പാലസ് സ്ഥിതി ചെയ്യുന്നത്. കൊട്ടാരം നായ്ക്കളുടെ ഔദ്യോഗിക വസതിയായിരുന്ന ഇവിടം പിന്നീട് ഒരു ജയിലായും കോട്ടയായും മാറി. ഈ കൊട്ടാര നിര്‍മ്മിതിയില്‍ ഗോഥിക്, ബൈസന്റൈന്‍ ശൈലികള്‍ കാണാം.
ടൂറിസം
വെനീസ് നഗരവാസികളുടെ പ്രധാന വരുമാന മാര്‍ഗം വിനോദ സഞ്ചാര വ്യവസായവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായ വെനീസ് സാധാരണഗതിയില്‍ വസന്തകാലമെത്തുന്നതോടെ ഏറ്റവുമധികം ജനസാന്നിധ്യമുണ്ടാകുന്ന മേഖലയാണ്. എന്നാല്‍ ലോക്ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ വെനീസ് തികച്ചും ശാന്തമാണ്. വാട്ടര്‍ ടാക്‌സികളും യാത്രാകപ്പലുകളും അടക്കമുള്ള ജനഗതാഗത സംവിധാനങ്ങള്‍ ഒന്നു തന്നെ ഇപ്പോള്‍ പ്രദേശത്തില്ല. കോവിഡ് 19 ഏറ്റവുമധികം നാശം വിതച്ച രാജ്യങ്ങളിലൊന്നായിരുന്നല്ലോ ഇറ്റലി.
സാന്റാ ലൂസിയ എന്ന ദ്വീപ് നഗരമധ്യമായി വിശേഷിപ്പിക്കപ്പെടുന്നു. പ്രധാന ആകര്‍ഷണീയ സ്ഥലങ്ങള്‍ ഇതിനെ ചുറ്റിപ്പറ്റി ഉള്ളതുകൊണ്ടാവാം ഇത്. കൊറോണക്കാലത്തിനു മുമ്പ് ദിവസം 60000 സഞ്ചാരികള്‍ വെനീസ് സന്ദര്‍ശിച്ചിരുന്നതായാണ് കണക്ക്. വിനോദസഞ്ചാരികളുടെ എണ്ണക്കൂടുതല്‍ കൊണ്ട് വെനീസ് പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.
എവിടെത്തിരിഞ്ഞാലും വെള്ളം
എവിടേയ്ക്കു തിരിഞ്ഞാലും ചുറ്റും വെള്ളമാണ് വെനീസില്‍. കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം നടക്കാന്‍ സാധിക്കുന്നതും വളരെ ഇടുങ്ങിയ വഴികളുള്ളതുമാണ് ഇവിടം. നഗരത്തില്‍ ബസ് സ്റ്റോപ്പുകള്‍ക്കു പകരം തോണികള്‍ക്കാണ് സ്‌റ്റോപ്പുകളുള്ളത്. അടുത്ത ദ്വീപുകളിലേക്ക് എത്തിപ്പെടണമെങ്കില്‍ തോണി, അല്ലെങ്കില്‍ ബോട്ടു വഴിയുള്ള പൊതുയാത്രാമാര്‍ഗമാണ് സ്വീകരിക്കേണ്ടത്.
2019 ലെ വെള്ളപ്പൊക്കം
കനാലുകളുടെ നഗരം എന്ന് കൂടി അറിയപ്പെടുന്ന ഈ നഗരം കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് 2019 നവംബറില്‍ നേരിട്ടത്. നഗര ചത്വരമായ സെന്റ് ആന്‍ഡ്രൂസും പ്രസിദ്ധമായ ബസലിക്ക പള്ളിയുമെല്ലാം വെള്ളത്തിനടിയിലായി. യുണസ്‌കോയുടെ പൈതൃക നഗരങ്ങളില്‍ ഒന്നായ വെനീസിലെ പല അമൂല്യ നിര്‍മ്മിതികളും വേലിയേറ്റ വെള്ളത്തില്‍ മുങ്ങിപ്പോയി. ‘വെനീസിലെ വ്യാപാരി’ എന്ന ഷേക്‌സ്പിയര്‍ നോവലിലൂടെ പ്രസിദ്ധി നേടിയ വെനീസിലെ വാണിജ്യ വ്യാപാര സ്ഥാപങ്ങള്‍ക്ക് കനത്ത നഷ്ടമാണ് ഒന്നര മീറ്ററോളും ഉയര്‍ന്ന വെള്ളം വരുത്തിയത്. നൂറുകോടി യൂറോയുടെ നഷ്ടമാണ് അതിലൂടെ ഉണ്ടായത്. 1966 -ലാണ് ഇതിനു സമാനമായ വെള്ളപൊക്കം വെനീസില്‍ രേഖപ്പെടുത്തുന്നത്.
കാര്‍ണിവല്‍ ഓഫ് വെനീസ്
വെനീസിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് കാര്‍ണിവല്‍. ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷം മാര്‍ച്ചിലെ ആദ്യവാരത്തിലെ ചൊവ്വാഴ്ച തീരും. അതുകൊണ്ട് തന്നെ ഈ സമയത്ത് അവിടെ അതിരൂക്ഷമായ തിരക്കാണ്. 1162 ഇല്‍ പാട്രിയാര്‍ച് ഓഫ് ആകുയിലക്കു എതിരെ റിപ്പബ്ലിക്ക് ഓഫ് വെനീസ് നേടിയെടുത്ത വിജയം ആണ് കാര്‍ണിവലിനു വഴി ഒരുക്കിയത് എന്ന് പറയുന്നു. അതിനുശേഷം സെന്റ് മാര്‍ക്ക് ചതുരത്തില്‍ എല്ലാവരും ഒത്തുകൂടലും നൃത്തം ചെയ്യലും പതിവായത്രേ. ഈ ആഘോഷം കുറച്ചു കാലം ഉണ്ടായിരുന്നില്ല. അങ്ങനെ കുറെ കാലങ്ങള്‍ക്കു ശേഷം 1979 ഇല്‍ ഈ ഒത്തുകൂടല്‍ തിരിച്ചുവന്നു. വിവിധ വേഷങ്ങളില്‍ അണിഞ്ഞൊരുങ്ങി, വിവിധ വര്‍ണശബളമായ വസ്ത്രങ്ങളും അതിനുപുറമെ സൗന്ദര്യ വസ്തുക്കളും ചേര്‍ത്തൊരുക്കി, അലംകൃതംമാക്കിയ മുഖങ്ങള്‍ നഗരത്തില്‍ കാണാന്‍ കഴിയും. കട്ടികൂടിയ വസ്ത്രങ്ങളും രാജാവ് രാജ്ഞിമാരുടെ ചാരുതയുള്ള വസ്ത്രങ്ങളും ധരിച്ച് ഇവര്‍ കൂട്ടത്തോടെ നഗരത്തിലെ പ്രധാന വഴികളിലൂടെ നൃത്തവും പാട്ടുകളുമായി നടന്നുനീങ്ങും.