നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന ത്രിപുരയില്‍ പോളിംങ് പുരോഗമിക്കുന്നു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിംങ് വൈകിട്ട് നാലു വരെയാണ്. 60 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് രണ്ടിനു പ്രഖ്യാപിക്കും.
28.13 ലക്ഷം വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 3,337 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 31,000 പോളിംഗ് ഉദ്യോഗസ്ഥരെയും 25,000 കേന്ദ്രസേനാ ഉദ്യോഗസ്ഥരെയും വോട്ടെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ത്രിപുരയില്‍ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാന സായുധ പോലീസിന്റെയും സംസ്ഥാന പോലീസിന്റെയും 31,000 ഉദ്യോഗസ്ഥരും രംഗത്തുണ്ട്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഫെബ്രുവരി 17 രാവിലെ 6 വരെ അത് പ്രാബല്യത്തില്‍ തുടരുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമികള്‍ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാന്‍ രാജ്യാന്തര, അന്തര്‍സംസ്ഥാന അതിര്‍ത്തികളും അടച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 259 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബിജെപി-ഐ. പി. എ. ഫ്ടി സഖ്യമാണ് ഇക്കുറി ത്രിപുരയില്‍ മത്സരിക്കുന്നത്. സിപിഎം 47 സീറ്റിലേക്കും കോണ്‍ഗ്രസ് 13 സീറ്റിലും ജനവിധി തേടും. തൃണമൂല്‍ കോണ്‍ഗ്രസ് 28 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഇതു കൂടാതെ 58 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്.
കാൽനൂറ്റാണ്ട് സി.പി.എമ്മിനെ അധികാരത്തിലേറ്റിയ ത്രിപുരയിലെ ജനങ്ങൾ 2018-ൽ ബി.ജെ.പി.ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകുകയായിരുന്നു. പൂജ്യം സീറ്റിൽ നിന്ന് 36 സീറ്റിലേക്ക് ബി.ജെ.പി. കുതിച്ചുകയറിയപ്പോൾ കോൺഗ്രസ് പൂജ്യത്തിലേക്കു വീണു. 2013-ൽ അൻപതു സീറ്റുണ്ടായിരുന്ന ഇടതുപക്ഷം പതിനാറിലൊതുങ്ങി.
ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപി, സംസ്ഥാനത്തുടനീളം രാഷ്ട്രീയ കൊലപാതകങ്ങളിൽ മരിച്ചവർക്ക് ആദരവർപ്പിച്ച് ‘ശഹീദ് രഥ്’ എന്ന പേരിലുള്ള പരിപാടിയും വികസനവുമാണ് പ്രചരണവിഷയമാക്കിയത്. കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റ പാർട്ടിയുടേതാകുമ്പോഴുണ്ടാകുന്ന ‘ഡബിൾ-എൻജിൻ’ സർക്കാരിന്റെ മെച്ചങ്ങളും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം ഉയര്‍ത്തിയാണ് കോണ്‍ഗ്രസും-സിപിഎമ്മും മത്സരിക്കുന്നത്.