സാങ്കേതിക സർവ്വകലാശാലയുടെ താത്കാലിക വൈസ്ചാൻസിലർ നിയമനത്തിൽ അപാകതയില്ലെന്ന് ഗവർണർ അരിഫ് മുഹമ്മദ് ഖാൻ. നിയമനത്തിനെതിരെ സംസ്ഥന സർക്കാരിൻറെ ഹർജിക്കെതിരെ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യം ഗവർണർ വ്യക്തമാക്കിയത്.
സുപ്രീം കോടതി വിധിയുടെയും യുജിസി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് താത്കാലിക വിസി ആയി സിസ തോമസിനെ നിയമിച്ചത്. സർക്കാർ ശുപാർശ ചെയ്തവർക്ക് യുജിസി ചട്ടപ്രകാരം ചുമതല നൽകാനാകില്ല. അതിനാൽ തന്നെ സർക്കാരിൻറെ ഹർജി നിലനിൽക്കില്ലെന്നും ഗവർണർ അവകാശപ്പെടുന്നു.
മുൻ കെടിയു വൈസ് ചാൻസിലറെ സുപ്രീം കോടതി പുറത്താക്കിയിരുന്നു. ഇതിനെത്തുടർന്ന് സർക്കാർ നൽകിയ ശുപാർശകൾ തള്ളിക്കൊണ്ട് ഗവർണർ താത്കാലിക വൈസ് ചാൻസിലറായി സിസാ തോമസിനെ നിയമിക്കുകയായിരുന്നു. എന്നാൽ ഇവർക്ക് മതിയായ യോഗ്യതയില്ലെന്നു കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. അതേസമയം താത്കാലിക വൈസ് ചാൻസിലർ ആയ സിസാ തോമസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തനിക്ക് മുപ്പത്തിയൊന്നര വർഷത്തെ അധ്യാപന പരിചയവും പ്രഫസർ എന്ന നിലയിൽ 13 വർഷത്തെ പ്രവർത്തി പരിചയചയവുമുണ്ട്. അതിനാൽ ചാൻസലറായ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സർക്കാരിന് കഴിയില്ല എന്ന് സിസാ തോമസ് സത്യവാങ്മൂലത്തിൽ പ്രസ്താവിക്കുന്നു.