Wednesday, May 14, 2025

എലിപ്പനിക്കെതിരെ ജാഗ്രത തുടരണം: മന്ത്രി വീണ ജോർജ്ജ്

ഇടവിട്ടുള്ള മഴ നിലനിൽക്കുന്നതിനാൽ എലിപ്പനിക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി മരണം ഒഴിവാക്കാൻ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ഉപയോഗിക്കാനും മന്ത്രി നിർദേശം നൽകി. സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആ.ർടി) യോഗത്തിലാണ് മന്ത്രി ആരോഗ്യപ്രവർത്തകർക്കായി നിർദേശങ്ങൾ നൽകിയത്.

കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. മലിന ജലത്തിലിറങ്ങുന്നവർ എലിപ്പനിക്കെതിരെ ഉള്ള പ്രതിരോധ മരുന്ന് നിർബന്ധമായും എടുക്കണം എന്നും മന്ത്രി ആഹ്വാനം ചെയ്തു. ഫീൽഡ്തല പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും, കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ശക്തമാക്കുകയും വേണം. ആശുപത്രികൾ ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കേണ്ടതാണ് എന്നും വീണ ജോർജ്ജ് വ്യക്തമാക്കി.

ഒപ്പം മലേറിയ, മഞ്ഞപ്പിത്തം, ഇൻഫ്ളുവൻസ – എച്ച്.1 എൻ.1, വയറിളക്കം കുട്ടികളിലെ പനി തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രതയും ആവശ്യമാണെന്ന് ഇവർ കൂട്ടിച്ചേർത്തു. ജലദോഷമുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ, പ്രായമായവർ എന്നിവർ മാസ്‌ക് ഉപയോഗിക്കണം. മൂന്ന് ദിവസത്തിൽ കൂടുതൽ നിൽക്കുന്ന പനിക്ക് സ്വയം ചികിത്സയ്ക്ക് അരുത് എന്നും നിർദേശത്തിലുണ്ട്.

Latest News