Saturday, April 19, 2025

ഗ്രാമത്തലവനെയും കുടുംബത്തെയും റഷ്യന്‍ സൈന്യം കൊലപ്പെടുത്തിയതായി യുക്രെയ്ന്‍

ഒരു ഗ്രാമത്തിന്റെ നേതാവായിരുന്ന സ്ത്രീയേയും അവരുടെ ഭര്‍ത്താവിനെയും മകനെയും റഷ്യന്‍ സൈന്യം വധിച്ചതായി യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് യുക്രെയ്നില്‍ നടക്കുന്ന അതിക്രമങ്ങളുടെ തെളിവുകള്‍ വര്‍ദ്ധിപ്പിക്കുന്നു.

മോട്ടോയ്ജിന്‍ ഗ്രാമത്തിലാണ് നാല് മൃതദേഹങ്ങള്‍ കാടിനുള്ളിലെ ഒരു ആഴം കുറഞ്ഞ ശവക്കുഴിയില്‍ കണ്ടെത്തിയത്. അതില്‍ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. 51 കാരിയായ ഒല്‍ഹ സുഖെങ്കോ, അവളുടെ ഭര്‍ത്താവ് ഇഗോര്‍, 25 വയസ്സുള്ള മകന്‍ ഒലെക്‌സാണ്ടര്‍ എന്നിവരായിരുന്നു അത്.

ഒല്‍ഹ ഗ്രാമത്തിന്റെ നേതാവായിരുന്നു. യുക്രേനിയന്‍ പട്ടാളക്കാരെ സഹായിച്ചുവെന്ന സംശയത്തെത്തുടര്‍ന്ന് അവളും അവളുടെ കുടുംബവും കൊല്ലപ്പെടുകയും കാടിന്റെ അരികില്‍ കുഴിച്ചിടപ്പെടുകയുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഓള്‍ഹയുടെ കൈയും മകന്റെ മുഖവും അഴുക്കുചാലില്‍ പുറത്തു കാണാവുന്ന നിലയിലായിരുന്നു.

കൈവിനു പുറത്തുള്ള ബുച്ച പട്ടണത്തില്‍, റഷ്യന്‍ അധിനിവേശത്തിന്റെ ഫലമായി അരങ്ങേറിയ ഭീകരതയുടെ തെളിവുകള്‍ കൂടുതല്‍ കൂടുതല്‍ വെളിച്ചത്തുവരുകയാണ്. നേരത്തെ കുട്ടികളുടെ കമ്മ്യൂണിറ്റി സെന്റര്‍ ആയിരുന്ന ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് അഞ്ച് മൃതദേഹങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്ന അവസ്ഥയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അഞ്ച് സാധാരണക്കാരായ പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ ബന്ധിച്ച അവസ്ഥയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടെത്തിയത്.

ചിലര്‍ക്ക് തലയിലും മറ്റു ചിലര്‍ക്ക് നെഞ്ചിലുമാണ് വെടിയേറ്റിരുന്നത്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. റഷ്യന്‍ സൈനികര്‍ ഇവരെ ബന്ദികളാക്കി വധിച്ചതായാണ് യുക്രേനിയന്‍ അധികൃതര്‍ പറഞ്ഞത്. ‘അവരെ വെടിവയ്ക്കുന്നത് ഞങ്ങള്‍ കേട്ടു’. മൃതദേഹങ്ങള്‍ ബേസ്‌മെന്റില്‍ നിന്ന് മുകളിലേക്ക് കയറ്റിയ സന്നദ്ധപ്രവര്‍ത്തകരില്‍ ഒരാളായ വ്‌ലാഡ് പറഞ്ഞു.

യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തിങ്കളാഴ്ച ബുച്ച സന്ദര്‍ശിച്ചിരുന്നു. ‘റഷ്യയുമായി ചര്‍ച്ചയ്ക്ക് യുക്രൈന്‍ ഇപ്പോഴും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ‘യുക്രെയ്ന്‍ സമാധാനം അര്‍ഹിക്കുന്നു. നമുക്ക് യുദ്ധം കൊണ്ട് ജീവിക്കാന്‍ കഴിയില്ല. എല്ലാ ദിവസവും നമ്മുടെ സൈന്യം യുദ്ധം ചെയ്യുന്നു. പക്ഷേ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാലാണ് ഞങ്ങള്‍ റഷ്യയുമായി ചര്‍ച്ചയ്ക്ക് തയാറാവുന്നത്’. അദ്ദേഹം പറഞ്ഞു.

300 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി മേയര്‍ അനറ്റോലി ഫെഡോറുക് പറഞ്ഞു. ഔദ്യോഗിക കണക്ക് ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുകളെല്ലാം വ്യാജമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. അതേസമയം യുക്രെയ്‌നിലുടനീളം കൂടുതല്‍ നഗരങ്ങളും പട്ടണങ്ങളും ഇപ്പോഴും റഷ്യന്‍ നിയന്ത്രണത്തിലാണ്.

Latest News