Monday, November 25, 2024

പോലീസ് കല്ലെറിഞ്ഞു, ചീത്തവിളിച്ചു, തല അടിച്ചു പൊട്ടിച്ചു: ആക്രമണത്തിനിരയായ വൈദികന്റെ വെളിപ്പെടുത്തൽ

മൂന്നു വശത്ത് നിന്നും പോലീസ്‌ ഞങ്ങളെ വളഞ്ഞു. പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. മോശമായ ചീത്തവിളികളോടു കൂടിയാണ് പോലീസ് ഞങ്ങളെ ഉപദ്രവിച്ചത്. ആദ്യത്തെ അടിയിൽ തന്നെ ഞാൻ താഴെ വീണു. കുറെ അടിച്ചു. തലയിൽ ലാത്തി വച്ചടിച്ചു. തല പൊട്ടി. ആറ് സ്റ്റിച്ച് ഇടേണ്ടിവന്നു. പോലീസിന്റെ ആക്രമണത്തിന് ഇരയായ യുവവൈദികൻ ഫാ. കാര്‍വിന്‍ തന്റെ അനുഭവം വിവരിക്കുന്നു.

വിഴിഞ്ഞം സംഘർഷത്തിന്റെ ഒരുവശം മാത്രം വെളിച്ചത്തു കൊണ്ടുവന്ന് മറുവശം ഇരുട്ടിലാക്കിയിരിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങള്‍. ഇരുട്ടിലായിപ്പോയ മറുവശം പുറംലോകം അറിയണം. യാതൊരു പ്രകോപനവുമില്ലാതെ ആക്രമണത്തിന് ഇരയായ യുവ വൈദികൻ ഫാ. കാര്‍വിന്‍ തന്റെ അനുഭവം വിവരിക്കുന്നു. പാളയം കത്തീഡ്രല്‍ പള്ളിയിലെ സഹവികാരിയാണ്‌ അച്ചന്‍. തിരുവനന്തപുരം അതിരൂപതയുടെ യൂട്യൂബ് ചാനലിലൂടെയാണ് അച്ചന്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.

“ഇന്നലെ രാത്രി 9.15- ഓടു കൂടിയാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ ഞങ്ങൾ വൈദികർ എത്തിച്ചേരുന്നത്. ആ സമയത്തു തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്ന വിഴിഞ്ഞം കൗൺസിലിലുള്ള നാല് വ്യക്തികളെയും ജാമ്യത്തിൽ എടുക്കാൻ വേണ്ടി വിൻസെന്റ് എംഎൽഎ- യും മറ്റ് രണ്ട് വ്യക്തികളും (ആൾജാമ്യം എടുക്കാൻ വേണ്ടി) സ്റ്റേഷനിലേക്ക് വന്നു. ആ സമയത്ത് അവിടെ കൂടിനിന്ന ആൾക്കാർ സംഘർഷം ഉണ്ടാക്കിയപ്പോൾ അവരെ വഴി മാറ്റിവിട്ട് എംഎൽഎ- യേയും മറ്റ് രണ്ട് വ്യക്തികളെയും മാത്രം സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയാണ്.

പോലീസ് സ്റ്റേഷന്റെ മുറ്റത്തു നിൽക്കുന്ന സമയത്താണ് പോലീസിന്റെ ഭാഗത്തു നിന്നും കല്ലേറുണ്ടായത്. പോലീസ് വലിയ കല്ലുകൾ ഉപയോഗിച്ച് സ്റ്റേഷനിൽ നിന്നും ആക്രമിക്കാൻ തുടങ്ങി. പുറത്തിറങ്ങി വന്ന ഒരു പോലീസ്, മുറ്റത്ത് നിന്നിരുന്ന എന്റെ നെഞ്ചിൽ പിടിച്ച് തള്ളുകയായിരുന്നു. ആ തള്ളോടു കൂടി ഞാൻ പുറകോട്ടു പോയി. കൂടെയുണ്ടായിരുന്ന അച്ചൻ ‘നമുക്ക് പുറത്തു പോകാം’ എന്നു പറഞ്ഞു. അങ്ങനെ സ്റ്റേഷന്റെ സൈഡ് ഗേറ്റ് വഴി ഞങ്ങൾ പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോൾ ഞങ്ങൾ വൈദികരും രണ്ട് അത്മായരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ജോലി കഴിഞ്ഞു വരുന്ന ഒരു അമ്മച്ചിയും; ആ അമ്മച്ചി ഡിസ്കിന് പ്രശ്‌നമുള്ള ഒരാളായിരുന്നു.

പ്രശ്‌നം വളരെ സങ്കീർണ്ണമായി തീർന്നിരിക്കുന്നുവെന്ന് പുറത്തിറങ്ങി കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്. മൂന്നു വശത്ത് നിന്നും പോലീസ്‌ ഞങ്ങളെ വളഞ്ഞു. പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി. മോശമായ ചീത്തവിളികളോടു കൂടിയാണ് പോലീസ് ഞങ്ങളെ ഉപദ്രവിച്ചത്. അവരുടെ സംസാരത്തിൽ നിന്നും, ആൾക്കാരെ മുൻപേ നോട്ടമിട്ട് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതു പോലെയാണ് ഞങ്ങളെ അടിച്ചത്. ആ അമ്മച്ചി ഒറ്റക്കായതുകൊണ്ട് ആ അമ്മച്ചിയെ രക്ഷപ്പെടുത്താൻ പോയപ്പോഴാണ് പോലീസ് എന്നെ അടിച്ചത്.

ആദ്യത്തെ അടിയിൽ തന്നെ ഞാൻ താഴെ വീണു. പിന്നെ കുറെ അടിച്ചു. നല്ല രീതിയിൽ തന്നെ പോലീസ് എന്നെ ഉപദ്രവിച്ചു. ലാത്തിചാർജ് ഉണ്ടായിരുന്നു, തലയിൽ ലാത്തി വച്ചടിച്ചു. തല പൊട്ടി. ആറ് സ്റ്റിച്ച് ഇടേണ്ടിവന്നു. താഴെ വീണുകിടക്കുമ്പോഴും പോലീസ് എന്നെ ഉപദ്രവിക്കുന്ന സമയത്താണ് കൂടെയുള്ള വൈദികൻ എന്നെ രക്ഷിക്കാൻ ശ്രമിക്കുന്നത്. ആ വൈദികനെയും പോലീസ് ഉപദ്രവിച്ചു. അവിടെ നിന്നും മാറി ഒരു കടയുടെ വരാന്തയിൽ ഞങ്ങൾ വൈദികർ ഒന്നിച്ചുനിൽക്കുമ്പോൾ പോലീസിന്റെ ഭാഗത്തു നിന്നും വീണ്ടും ചീത്തവിളിയുണ്ടായി.

പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെയും ഇത്രയും മോശമായ സമീപനവും ചീത്തവിളിയും ഞാൻ കണ്ടിട്ടില്ല. അത്രയ്ക്കും നരഹത്യ ചെയ്യുന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം. ഞങ്ങളുടെ അടുത്ത് വന്നിട്ട് ‘ഇന്ന് നിങ്ങളെ തീർത്തുതരാം’ എന്നൊക്കെയുള്ള വളരെ മോശമായിട്ടുള്ള വാക്കുകളാണ് അവർ ഉപയോഗിച്ചത്.

ഇടക്കിടക്ക് ഞങ്ങൾ ബിജെപി- യുടെ ആൾക്കാരാണ് എന്ന രീതിക്കു പോലും പോലീസിന്റെ ഭാഗത്തു നിന്നും വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവിടുത്തെ എസ്ഐ- യും സിഐ- യും ഒക്കെ ചേർന്ന് ഞങ്ങൾക്ക് സംരക്ഷണം നൽകി. അൽപം കഴിഞ്ഞു പോലീസ് വാഹനത്തിൽ തന്നെ ഞങ്ങളെ അവിടെ നിന്നും കോവളം ആനിമേഷൻ സെന്ററിൽ കൊണ്ടുചെന്നാക്കി. അവിടെ കുറച്ചു സമയം വിശ്രമിച്ചതിനു ശേഷം ഞങ്ങൾ ജനറൽ ആശുപത്രിയിൽ എത്തി. അവിടെ വച്ചാണ് സ്റ്റിച്ചിടുന്നതും പ്രാഥമികശുശ്രൂഷകൾ നൽകുന്നതും. അതിനു ശേഷം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.

ഇന്നലെ രാത്രി 11.15- ഓടു കൂടി മെഡിക്കൽ കോളേജിൽ എത്തി. അവിടെ ബെഡൊന്നും ഇല്ലായിരുന്നു. വളരെയേറെ ബുദ്ധിമുട്ടി. വീൽചെയറിലൊക്കെ ആയിരുന്നു കൂടുതൽ സമയവും. രാവിലെ മൂന്നു മണിയായപ്പോഴാണ് ബെഡ് കിട്ടിയത്.”

‘വിഴിഞ്ഞത്ത് സംഘർഷാവസ്ഥ’ എന്ന പേരിൽ പോലീസും സർക്കാരും ചേർന്നു നടത്തിയ അനിഷ്ടസംഭവങ്ങൾ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കു നേരെ നടത്തിയ കടന്നാക്രമണമായിരുന്നു എന്നതിനു സംശയമില്ല. തികച്ചും ആസൂത്രിതമായി നടത്തിയ ഈ ‘സംഘർഷാവസ്ഥ’ കടലിന്റെ മക്കളുടെ ന്യായമായ അവകാശങ്ങളെ തീർത്തും അവഗണിച്ചുകൊണ്ടു നടത്തിയ ആസൂത്രിത ഇടപെടലുകളായിരുന്നു.

Latest News