Wednesday, November 27, 2024

മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കു നേരെ അതിക്രമം: അപലപിച്ച് സിബിസിഐ

മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവ ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധമറിയിച്ച് സിബിസിഐ. ആർച്ചുബിഷപ്പ് ഫെലിക്‌സ് മച്ചാഡോ പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരെ അന്യായമായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധമറിയിച്ചത്.

ഹിന്ദു ദേശീയ പാർട്ടിയായ ബിജെപി ഭരിക്കുന്ന വടക്കൻ ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ജബൽപൂർ രൂപതയിൽ അടുത്തിടെ നടന്ന വ്യാജ മതപരിവർത്തനം ആരോപിച്ചുണ്ടായ മൂന്ന് സംഭവങ്ങളിൽ ബിഷപ്പുമാർ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഘോരെഘട്ടിലെ സെന്റ് ജോസഫ് ബോർഡിങ് സ്‌കൂളിലും ജുൻവാനിയിലെ ജെഡിഇഎസ് ബോർഡിങിലും കട്‌നി ജില്ലയിലെ ആശാ കിരൺ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ റെയ്ഡും തുടർന്നുള്ള നടപടികളും അത്യന്തം ഖേദകരമാണെന്ന് മെത്രാന്മാർ ചൂണ്ടിക്കാട്ടി.

ഈ മൂന്ന് സ്ഥാപനങ്ങളിലും മുൻകൂർ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ കടന്നുകയറുകയും ഫയലുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. കൂടാതെ, നിർബന്ധപൂർവ്വം ബൈബിൾ വായിപ്പിച്ചോ? പള്ളിയിൽ പോകാൻ നിർബന്ധിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും കുട്ടികളോട് ചോദിച്ചു എന്ന് സ്ഥാപനങ്ങളുടെ അധികാരികൾ വെളിപ്പെടുത്തി. മുൻ‌കൂർ അനുമതി തേടാതെയെത്തിയ ഉദ്യോഗസ്ഥർ, വ്യാജ മതപരിവർത്തനം ആരോപിച്ച് ജബൽപൂരിലെ ബിഷപ്പ് ജെറാൾഡ് അൽമേഡക്കും മദർ കാർമൽ കോൺഗ്രിഗേഷനിലെ സി. ലിജി ജോസഫിനുമെതിരെ കേസെടുക്കുകയും ചെയ്തു.

“ഈ ബോർഡിംഗുകളും ഹോസ്റ്റലുകളും നിയമപരവും സർക്കാർ ആവശ്യകതകളും പാലിക്കുന്നതിൽ പൂർണ്ണഹൃദയത്തോടെ സഹകരിക്കുമ്പോൾ, ഈ മൂന്ന് സ്ഥാപനങ്ങൾ സന്ദർശിച്ച അംഗങ്ങൾ മാനേജ്മെന്റിനെയും കുട്ടികളെയും അനാവശ്യമായി ഉപദ്രവിക്കാൻ ശ്രമിച്ചു. മാനേജ്‌മെന്റിനെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാനും കുട്ടികളെ എങ്ങനെ ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യുന്നുവെന്ന് കാണിക്കാനും അവർ ശ്രമിച്ചു” – പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഓട്ടിസം, സെറിബ്രൽ പാൾസി, മറ്റ് വികസനപരവും ബൗദ്ധികവുമായ വെല്ലുവിളികൾ എന്നിവയുള്ള കുട്ടികളെ സേവിക്കുന്ന ആശാകിരൺ സെന്റർ, തങ്ങളുടെ സംരക്ഷണത്തിലുള്ള കുട്ടികളെ മതപരിവർത്തനത്തിൽ ഏർപ്പെടുത്തുന്നില്ല എന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. “ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരെയും ഒരു മതത്തിലേക്കും പരിവർത്തനം ചെയ്യുന്നില്ല. ഞങ്ങൾ ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. ക്രിസ്ത്യൻ പ്രാർത്ഥനകൾ പഠിക്കാൻ ഞങ്ങൾ ഒരു താമസക്കാരെയും പ്രേരിപ്പിക്കുന്നില്ല. അതിനാൽ ഞങ്ങൾ ഈ ആരോപണം നിഷേധിക്കുന്നു. ഈ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. ഈ പരിശോധനകളുടെയും ഉപദ്രവങ്ങളുടെയും ഏകലക്ഷ്യം ക്രിസ്ത്യൻ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുക എന്നതാണ്” – ആശാ കിരൺ സെന്റർ വ്യക്തമാക്കി.

Latest News