Sunday, April 6, 2025

ബ്രിട്ടനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് യു.കെ പോലീസ്

ബ്രിട്ടനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇംഗ്ലണ്ടിലും വെയില്‍സിലും പ്രതിദിനം 3,000 കുറ്റകൃത്യങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി യുകെ പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വയലന്‍സ് എഗെയ്ന്‍സ്റ്റ് വിമന്‍ ആന്‍ഡ് ഗേള്‍സ് ഓര്‍ഗനൈസേഷനും പോലീസ് ചീഫ് കൗണ്‍സിലും സംയുക്തമായി നടത്തിയ പഠനമനുസരിച്ച്, രാജ്യത്ത് ഓരോ വര്‍ഷവും പന്ത്രണ്ടില്‍ ഒരാള്‍ അക്രമം നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

2019-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 37 ശതമാനം വര്‍ധനവുണ്ടായി. ഇംഗ്ലണ്ടിലും വെയില്‍സിലും പ്രായപൂര്‍ത്തിയായവരില്‍ 20-ല്‍ ഒരാള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരാണ്.

2023ല്‍ മാത്രം ഗാര്‍ഹിക പീഡനം, ലൈംഗികാതിക്രമം, കൈയേറ്റം, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ഇരുപതുലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന സ്ത്രീവിരുദ്ധ പ്രചാരണങ്ങള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യുകെ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ മാഗി ബ്ലിത് അറിയിച്ചു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും ചൂഷണം ചെയ്യുന്നതും 2013 മുതല്‍ 2022 വരെ 435 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷം ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബലാത്സംഗവും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങളും അന്വേഷിക്കാന്‍ പുതുതായി പരിശീലനം ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

 

Latest News