1992-ലെ സിസ്റ്റര്‍ അഭയക്കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. ജുഡീഷ്യല്‍ കസ്റ്റഡിയിലായാലും പോലീസ് കസ്റ്റഡിയിലായാലും, അന്വേഷണത്തിനിടെ ഒരു പ്രതിയുടെ കന്യകാത്വ പരിശോധന ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമായതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ നിരീക്ഷിച്ചു. 2009 ല്‍ നടത്തിയ പരിശോധനക്ക് എതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അന്വേഷണ സമയത്ത് ആര്‍ട്ടിക്കിള്‍ 21 സസ്പെന്‍ഡ് ചെയ്തിട്ടില്ലെന്ന് അടിവരയിട്ട്, ക്രിമിനല്‍ കേസ് അവസാനിച്ചതിന് ശേഷം തന്റെ മനുഷ്യാവകാശ ലംഘനത്തിന് നഷ്ടപരിഹാരം തേടാന്‍ സിസ്റ്റര്‍ സെഫിക്ക് കോടതി സ്വാതന്ത്ര്യം നല്‍കി.