ഋഷി സുനക് സര്‍ക്കാര്‍ പ്രാഖ്യാപിച്ച നിർദിഷ്ട വിസ ഫീസ് വർധന ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സ്റ്റുഡന്റ് വിസയടക്കമുള്ളവയുടെ ഫീസ് കുത്തനെ ഉയരും. ആറുമാസത്തിൽ താഴെയുള്ള സന്ദർശക വിസയ്ക്ക് ഇപ്പോഴുള്ള നിരക്കില്‍ നിന്നും 15 പൗണ്ട് (1507 രൂപ) അധികമായി നൽകണം.
ഒക്ടോബർ നാലുമുതല്‍ വിസ നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന് ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നുമുതല്‍ വിസാ നിരക്കുകള്‍ കുത്തനെ ഉയരുന്നത്. വിസ ഫീസ് വർധന പൂർണ്ണമായും ന്യായീകരിക്കാവുന്ന തീരുമാനമാണെന്ന് ആഭ്യന്തര ഓഫീസ് വക്താവ് അറിയിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന വർധനവ് നിറവേറ്റുന്നതിനായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിക്ക ജോലികളുടെയും സന്ദർശനത്തിനുള്ള വിസകളുടെയും നിരക്കിൽ 15 ശതമാനവും മുൻഗണനാ വിസകൾ, പഠന വിസകൾ, സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ നിരക്കിൽ കുറഞ്ഞത് 20 ശതമാനവും വർധനവുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.