ജപ്പാന്‍-ഖത്തര്‍ പൗരന്മാര്‍ക്ക് ഏപ്രില്‍ രണ്ടുമുതല്‍ വിസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാം. ഇത് സംബന്ധിച്ച ധാരണാ പത്രത്തില്‍ ഖത്തറിനുവേണ്ടി ജപ്പാനിലെ ഖത്തര്‍ അംബാസഡര്‍ ഹസന്‍ ബിന്‍ മുഹമ്മദ് റഫിയ അല്‍ ഇമാദിയും ജപ്പാന്‍ വിദേശകാര്യ സഹമന്ത്രി നാഗോക്ക കന്‍സുകെയും ഒപ്പുവെച്ചു. ടോക്കിയോയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും ധാരണാപത്രം കൈമാറിയത്.
ഒരു മാസമോ അതില്‍ താഴെയോ ഉള്ള സന്ദര്‍ശനത്തിനാണ് ഖത്തർ പൗരന്മാര്‍ക്ക് വിസ ഒഴിവാക്കിയുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഇതിനായി ജാപ്പനീസ് എംബസിയിലോ കോണ്‍സുലേറ്റിലോ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മതിയാകും. വിസ ആവശ്യകതകള്‍ ഒഴിവാക്കുന്നതിനായി ഖത്തര്‍ പൗരന്മാര്‍ക്ക് മൂന്നു വര്‍ഷം സാധുതയുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇത്തരത്തില്‍ സൗജന്യമായി ലഭിക്കും.
ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി, ജപ്പാന്‍ വിദേശകാര്യ മന്ത്രി ഹയാഷി യോഷിമസ എന്നിവര്‍ 2023 ജനുവരി 31ന് ടോക്കിയോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിസ ഒഴിവാക്കിയുള്ള ധാരണാപത്രം കൈമാറാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.