Monday, November 25, 2024

വിശാഖപട്ടണം ഇനി ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ വച്ചു നടന്ന അന്താരാഷ്ട്ര നയതന്ത്ര സഖ്യയോഗത്തിലാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. മുന്‍പ് അമരാവതിയായിരുന്നു സംസ്ഥാനത്തിന്റെ തലസ്ഥാനം.

“ഞങ്ങളുടെ തലസ്ഥാനമായ വിശാഖപട്ടണത്തിലേക്ക് നിങ്ങളെ ക്ഷണിക്കാനാണ് ഞാന്‍ വന്നത്. ഞാനും വിശാഖപട്ടണത്തേക്ക് മാറും” – ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ആന്ധ്രാപ്രദേശില്‍ ബിസിനസ്സ് ചെയ്യുന്നത് എത്ര എളുപ്പമാണെന്നറിയാന്‍ നിങ്ങളെയും നിങ്ങളുടെ സഹപ്രവര്‍ത്തകരെയും സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

26 ജില്ലകളടങ്ങിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമാണ് വിശാഖപട്ടണം. ഹൈദരാബാദില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ കിഴക്ക് കടല്‍ത്തീരത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന നഗരത്തെ തിരക്കേറിയ ഒരു മെട്രോപോളിസാക്കി മാറ്റാനാണ് ആന്ധ്രാ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. താരതമ്യേന പുതിയ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവയുടെ തലസ്ഥാനങ്ങളേക്കാള്‍ വികസിക്കാനുളള കഴിവ് ഈ നഗരത്തിനുണ്ടെന്നാണ് വിലയിരുത്തല്‍.

വികേന്ദ്രീകൃത വികസനത്തിലാണ് സംസ്ഥാനത്തിന്റെ ഭാവിയെന്ന് വ്യക്തമാക്കിയിരുന്ന റെഡ്ഡി, വിശാഖപട്ടണത്തെ സംസ്ഥാന ഭരണനിര്‍വ്വഹണ കേന്ദ്രമാക്കണമെന്ന് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന ഗവര്‍ണറുടെ ആസ്ഥാനവും തലസ്ഥാനഗരിയില്‍ തന്നെ ആകാനാണ് സാധ്യത. അതേസമയം, അമരാവതിയില്‍ തന്നെ നിയമസഭ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി കുര്‍ണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എക്‌സിക്യൂട്ടീവ്, ലെജിസ്ലേറ്റീവ്, ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം
വ്യാപിക്കുന്നതിലൂടെ പ്രാദേശിക വികസനത്തിന് ഉത്തേജനം നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വാദം.

Latest News