Friday, January 24, 2025

വിസ്മയ കേസ്: വിധി ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

വിസ്മയ കേസിലെ വിധി ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. കേസില്‍ ഡിജിറ്റല്‍ രേഖകളാണ് കോടതി പരിശോധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് വാദിക്കും, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘പ്രോസിക്യൂഷന്‍ ആരോപിച്ച പ്രധാന കുറ്റകൃത്യങ്ങളായ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ സ്ത്രീധന നിരോധന വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ സംബന്ധിച്ച വാദം നാളെ കേള്‍ക്കും.

ഡിജിറ്റല്‍ രേഖകളാണ് കോടതി പരിഗണിച്ചത്. അത് തന്നെയാണ് കേസിലെ പ്രധാനപ്പെട്ട തെളിവ്. കൂടുതല്‍ കാര്യങ്ങള്‍ ജഡ്ജ്മെന്റ് വന്നാല്‍ മാത്രമേ വ്യക്തത വരൂ. ഒരു വ്യക്തിക്കെതിരെയല്ല. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരായ വിധിയാണ്.’ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു.

വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും തെളിയിക്കാനായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍ രാജ് പറഞ്ഞു. 304 ബി എന്ന വകുപ്പില്‍ വരുന്ന കുറ്റകൃത്യം തെളിയിക്കാനായത് നേട്ടമായി. ഈ കുറ്റകൃത്യം ഭര്‍ത്താവിന്റെ വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളിലാണ് നടന്നത്. അത് എപ്രകാരമാണ് നടന്നതെന്ന് തെളിയിക്കാന്‍ സാഹചര്യത്തെളിവുകളെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ. അത് കൃത്യമായി ഹാജരാക്കാനായതിനാലാണ് അനുകൂലവിധി ലഭിച്ചത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News