വിസ്മയ കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോളജുകളില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പിലാക്കാന്‍ ഒരുങ്ങി സര്‍വകലാശാലകള്‍. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് സര്‍വകലാശാലകള്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നടപ്പാക്കുന്നത്.
സ്ത്രീധനം വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, സ്ത്രീധനം കൊടുക്കുകയോ ചെയ്യില്ലെന്ന് എഴുതി നല്‍കാനാണ് കാലിക്കറ്റ് സര്‍വകലാശാല പ്രവേശനം നേടുന്ന വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. വിദ്യാര്‍ഥിയും രക്ഷിതാവും സത്യവാങ്മൂലം എഴുതി നല്‍കണം. ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് തിരിച്ച് നല്‍കേണ്ടി വരും.
കേരളത്തില്‍ ഗവര്‍ണറുടെ നിര്‍ദേശം ആദ്യം നടപ്പിലാക്കിയത് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സ്(കുഫോസ്) ആണ്. വരുന്ന അധ്യയന വര്‍ഷം മുതല്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലത്തിന്റെ കാര്യം പ്രോസ്‌പെക്ടസില്‍ ഉള്‍പ്പെടുത്തി അഡ്മിഷന്‍ സമയത്ത് തന്നെ വിദ്യാര്‍ഥികളില്‍ നിന്ന് സത്യവാങ്മൂലം വാങ്ങാനുള്ള നടപടികള്‍ കേരള യൂണിവേഴ്‌സിറ്റി ആരംഭിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഡ്മിഷന്‍ സമയത്ത് രക്ഷിതാവിന്റെയും വിദ്യാര്‍ഥിയുടെയും സംയുക്ത സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം എഴുതി വാങ്ങുവാന്‍ എല്ലാ കോളജുകള്‍ക്കും നിര്‍ദേശം നല്‍കി.