കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖപദ്ധതി രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി എന്‍ വാസവന്‍, ശശി തരൂര്‍ എം പി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുത്തു.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്‌മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. അങ്ങനെ നമ്മൾ എല്ലാം നേടി. എല്ലാ രീതിയിലും അഭിമാനകരമായ നിമിഷമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിലെത്തിയ പ്രധാനമന്ത്രിയെ ഗൗതം അദാനി പൊന്നാട അണിയിച്ചു സ്വീകരിക്കുകയും മെമന്റോ കൈമാറുകയും ചെയ്തു.
രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ഹെലികോപ്ടറിൽ വിഴിഞ്ഞത്തെത്തിയ മോദി, തുറമുഖം നടന്നു കണ്ടു; മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ചടങ്ങിൽ മൂന്നുപേർക്കു മാത്രമാണ് സംസാരിക്കാൻ അവസരമുണ്ടായിരുന്നത്. കമ്മീഷനിംഗിന് ചടങ്ങിനുശേഷം 11.15 മുതൽ 12 മണി വരെ പ്രധാനമന്ത്രി പ്രസംഗിച്ചു. നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.