വിഴിഞ്ഞത്ത് സമയവായ നീക്കം തുടരുന്നു. പ്രശ്ന പരിഹാരത്തിനുള്ള സർക്കാർ നിർദേശങ്ങളിൽ സമരസമിതി ഇന്ന് നിലപാട് അറിയിക്കും. രാവിലെ ലത്തീൻ അതിരൂപതയിലെ വൈദികരുടെ സമ്മേളനവും സമരസമിതി യോഗവും നടക്കും. ഒത്തുതീർപ്പ് നിർദേശങ്ങളിൽ ധാരണയായാൽ സമരസമിതിയുമായി മന്ത്രിതല ഉപസമിതി ഇന്ന് ചർച്ച നടത്തും. അതേസമയം, വിഴിഞ്ഞം സമരം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.
വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമ്പോൾ, വാടകവീട്ടിൽ താമസിക്കുന്നവരുടെ വാടകത്തുക കൂട്ടുക, തീരശോഷണം പഠിക്കാനുള്ള സമിതിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളിൽ സമവായമായിട്ടില്ല. തീരശോഷണം പഠിക്കാനുള്ള സമിതിയെ തീരുമാനിച്ച് കഴിഞ്ഞെന്നും സമരസമിതി നിർദേശിക്കുന്ന പ്രതിനിധികളുടെ അഭിപ്രായം ഉൾപ്പെടുത്തി റിപ്പോർട്ട് തയ്യാറാക്കാമെന്നാണ് സർക്കാർ നിലപാട്. വാടകത്തുക 5500ൽ നിന്ന് 8000 രൂപയാക്കി ഉയർത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാൽ ഈ നിർദേശത്തോടും അനുകൂല നിലപാടല്ല സർക്കാരിന്റേത്. സമരസമിതി ആവശ്യപ്പെടുന്ന തുക സർക്കാർ ഫണ്ടിൽ നിന്ന് നൽകാനാകില്ല, അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്നാണ് സർക്കാർ നിർദേശം.
വിഷയത്തിൽ ഇന്ന് നിയമസഭയിൽ എം വിൻസന്റ് അടിയന്തരപ്രമേയനോട്ടീസ് നൽകും. വിഴിഞ്ഞം തുറമുഖ സമരത്തിൽ മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. വിഴിഞ്ഞം സമരം ആരംഭിച്ചത് മുതൽ സർക്കാർ പല തവണ ചർച്ച നടത്തിയിരുന്നു. തുറമുഖനിർമാണം നിർത്തിവെക്കണം എന്നതൊഴികെയുള്ള മറ്റെല്ലാം അംഗീകരിച്ചതാണ്. ഇനി നിർമാണ പ്രവർത്തനം നിർത്തി വെക്കണം എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രിസഭയിൽ അറിയിച്ചിരുന്നു.