Monday, November 25, 2024

വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കി

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്ന് തുറമുഖ കവാടത്തിലെ സമരപന്തല്‍ പൊളിച്ചുനീക്കി. തുറമുഖ നിര്‍മ്മാണത്തിനെതിരെ 113 ദിവസം പ്രതിഷേധിച്ച സമര പന്തലാണ് ചര്‍ച്ചകൾക്കൊടുവില്‍ പൊളിച്ചുമാറ്റിയത്. സ്ഥലത്ത് സ്ഥാപിച്ചിരുന്ന പോലീസ് ബാരിക്കേഡുകളും നീക്കം ചെയ്തു.

മുല്ലൂര്‍ തുറമുഖ കവാടത്തിന് മുന്‍പിലായി സ്ഥാപിച്ചിരുന്ന സമരപന്തല്‍ പൊളിച്ചു നീക്കണമെന്ന് കഴിഞ്ഞ ദിവസം കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായി പകല്‍ തന്നെയാണ് സമരസമിതി പന്തല്‍ പൊളിച്ചുനീക്കിയത്. ഇന്ന് മുതല്‍ തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.

തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തില്‍ വ്യാപകമായ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് കേന്ദ്രസേനയെ വിന്യസിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് അലോചിക്കുന്നതിനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സമരം ഒത്തുതീര്‍പ്പായതിനെത്തുടര്‍ന്ന് ഇത്തരം നീക്കങ്ങല്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്ന് പ്രതിഷേധക്കരോട് കോടതി ആവശ്യപ്പെട്ടത്.

സമരം മൂലം ഇത്രയധികം ദിവസങ്ങള്‍ നഷ്ടമായതിനാല്‍ നിര്‍മാണത്തിനുള്ള അദാനി ഗ്രൂപ്പിന്റെ സമയപരിധി സര്‍ക്കാരിന് നീട്ടി കൊടുക്കേണ്ടിവരും. സമരം ഒത്തുതീര്‍പ്പായെന്ന് അറിയിച്ചും സമവായ ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുത്ത കര്‍ദ്ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവയെ അഭിനന്ദിച്ചും മുഖ്യമന്ത്രി പ്രസ്താവന നടത്തിയിരുന്നു. അതിനാല്‍ തന്നെ സമരത്തെ തുടര്‍ന്നുണ്ടായ 226 കോടി രൂപയുടെ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയേക്കും എന്നാണ് സൂചന.

Latest News