Tuesday, November 26, 2024

യുക്രൈനിലെ എല്ലാ ജനങ്ങള്‍ക്കും റഷ്യന്‍ പൗരത്വം; ഉത്തരവില്‍ ഒപ്പുവെച്ച് പുടിന്‍

യുക്രൈനികള്‍ക്ക് റഷ്യന്‍ പൗരത്വം നല്‍കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. എല്ലാ യുക്രൈന്‍ പൗരന്മാര്‍ക്കും പൗരത്വം നല്‍കുന്നതിനുള്ള റഷ്യന്‍ നാചുറലൈസേഷന്‍ പ്രോസസില്‍ തിങ്കളാഴ്ചയാണ് പുടിന്‍ ഒപ്പുവെച്ചത്. ഉത്തരവിന്റെ രേഖ റഷ്യന്‍ സര്‍ക്കാരിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ ഉത്തരവ് പ്രകാരം റഷ്യന്‍ പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന യുക്രൈനിലെ ജനങ്ങള്‍ക്ക് ഇനി മുതല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും പൂര്‍ത്തായാക്കാന്‍ സാധിക്കും. യുക്രൈന് മേല്‍ റഷ്യയുടെ സ്വാധീനം വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് നീക്കം.

നേരത്തെ, കിഴക്കന്‍ യുക്രൈനിലെ ഡോണെട്സ്‌ക്, ലുഹാന്‍സ്‌ക് എന്നീ സ്വയംഭരണ പ്രദേശങ്ങളിലെയും റഷ്യന്‍ അധിനിവേശ പ്രവിശ്യകളായ ഖെര്‍സണ്‍, സപോറിസ്സ്ഹ്യ എന്നിവിടങ്ങളിലെയും ജനങ്ങള്‍ക്ക് മാത്രമായിരുന്നു വേഗമേറിയതും എളുപ്പവുമായ നടപടികളിലൂടെ റഷ്യന്‍ പൗരത്വം നല്‍കിയിരുന്നത്.

2019ലായിരുന്നു ഇത് ആരംഭിച്ചത്. 2019നും 2022നുമിടയില്‍ ഡോണെട്സ്‌ക്, ലുഹാന്‍സ്‌ക് പ്രവിശ്യകളിലായുള്ള 7,20,000 പേര്‍ക്കാണ് ഇത്തരത്തില്‍ റഷ്യന്‍ പൗരത്വം നല്‍കിയത്. അവിടത്തെ ആകെ ജനസംഖ്യയുടെ 18 ശതമാനത്തോളമാണിത്. ഇവര്‍ക്ക് റഷ്യന്‍ പാസ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഡോണെട്സ്‌ക്, ലുഹാന്‍സ്‌ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നാണ് ഉക്രൈനിലെ കിഴക്കന്‍ ഇന്‍ഡസ്ട്രിയല്‍ നഗരമായ ഡോണ്‍ബാസ് രൂപപ്പെടുന്നത്.

എല്ലാ യുക്രൈന്‍ പൗരന്മാര്‍ക്കും റഷ്യന്‍ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പുതിയ തീരുമാനം സംബന്ധിച്ച പ്രഖ്യാപനം നേരത്തെ തന്നെ റഷ്യ നടത്തിയിരുന്നു. റഷ്യ യുക്രൈനില്‍ ആക്രമണമാരംഭിച്ച് നാല് മാസം പിന്നിട്ടിരിക്കുന്ന ഘട്ടത്തിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രഖ്യാപനം വന്നിരിക്കുന്നത്. അതേസമയം പുടിന്റെ പ്രഖ്യാപനത്തില്‍ യുക്രൈന്‍ അധികാരികളുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.

 

Latest News