Monday, November 25, 2024

ആഭ്യന്തര കലാപം അടിച്ചമർത്തിയതിന് സൈന്യത്തിന് നന്ദി അറയിച്ച് വ്ളാഡിമാര്‍ പുടിന്‍

റഷ്യക്കെതിരായ ആഭ്യന്തര കലാപം അടിച്ചമർത്തിയ സൈന്യത്തിന് നന്ദി പറഞ്ഞ് പ്രസിഡന്‍റ് വ്ളാഡിമാര്‍ പുടിന്‍. മോസ്കോയില്‍ സൈന്യവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിന്‍റെ പ്രഖ്യാപനം. വാഗ്നർ കൂലിപ്പടയാളികൾക്ക് എല്ലാകാലത്തും റഷ്യൻ സർക്കാരാണ് ഫണ്ട് നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.

‘വ്യക്തമായ നീക്കങ്ങളിലൂടെയാണ് വാഗ്നർ കൂലിപ്പടയാളി സംഘത്തെ റഷ്യന്‍ സൈന്യം തടഞ്ഞത്. ജനങ്ങളും സൈന്യവും തങ്ങള്‍ക്കൊപ്പമാണെന്ന പ്രിഗോഷിന്‍റെ അവകാശവാദം തെറ്റാണ്.’ പുടിന്‍ പറഞ്ഞു. കലാപം അടിച്ചമര്‍ത്തിയ സൈന്യത്തിനു നന്ദി അറിയിക്കുന്നതായും റഷ്യയുടെ കൂലിപ്പട്ടാളം എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന വാഗ്നർ സൈന്യത്തിന് 2022 മേയ് മുതൽ 2023 മേയ് വരെ ഒരു ബില്യൺ ഡോളറാണ് രാജ്യം ചെലവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സായുധകലാപത്തിന്‍റെ ഭാഗമായി വാഗ്നർ സൈന്യം വെടിവച്ച് വീഴ്ത്തിയ റഷ്യൻ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഒരു മിനിറ്റ് നീളുന്ന മൗനാചരണത്തോടെയാണ് സൈന്യവുമായുളള കൂടിക്കാഴ്ച പുടിന്‍ ആരംഭിച്ചത്.

Latest News