റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറിൽ നടക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ പങ്കെടുക്കാനായാണ് പുടിന്‍ എത്തുന്നത്. ബ്ലൂംബർഗ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്
ബെൽറ്റ് ആൻഡ് റോഡ് ഫോറത്തിൽ പങ്കെടുക്കാനുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണം പുടിൻ സ്വീകരിച്ചതായും ക്രെംലിൻ പുടിന്റെ സന്ദർശനത്തിനുള്ള ഒരുക്കത്തിലാണെന്നുമാണ് റിപ്പോർട്ട്.
യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് (യുക്രെയ്നിൽ) അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനമാണിത്. അതേസമയം, ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് റിപ്പോർട്ടിനോട് പ്രതികരിച്ചില്ല.
ഹേഗിലെ കോടതി വാറണ്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച, ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുടിൻ പങ്കെടുത്തിരുന്നില്ല. കൂടാതെ സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയിലും പങ്കെടുക്കില്ലെന്ന് റഷ്യൻ പ്രസിഡന്റ് ഇന്ത്യയെ അറിയിച്ചിട്ടുമുണ്ട്. ഇതിനിടയിലാണ് ചൈന സന്ദര്‍ശനത്തിനുള്ള ക്ഷണം പുടിന്‍ സ്വീകരിച്ചതായി വാര്‍ത്തകള്‍ വരുന്നത്.