ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡാഫോണ്‍ തൊഴിലാളികളെ വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ 11,000 ജോലികള്‍ വെട്ടിക്കുറക്കുമെന്ന് കമ്പനി അറിയിച്ചു. ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായാണ് തീരുമാനം.
നിലവില്‍ കമ്പനിയുടെ പ്രകടനം അത്ര മികച്ചതല്ല എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ കാര്യമായ വളർച്ചയുണ്ടാകില്ലെന്നും, അതിനാല്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും ചീഫ് എക്സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു.
അതേസമയം, ആകെ തൊഴിലാളികളില്‍ 10 ശതമാനത്തിലധികം ആളുകളെയാണ് കമ്പനി പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് വോഡാഫോണിന് 104,000 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.