Tuesday, December 3, 2024

ഒരു വർഷത്തിനിടെ ഏഴാം തവണയും പൊട്ടിത്തെറിച്ച് ഐസ്‌ലാൻഡിലെ അഗ്നിപർവതം

ഐസ്‌ലൻഡിലെ റെയ്‌ക്‌ജാൻസ് പെനിൻസുലയിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവതം ബുധനാഴ്ച വീണ്ടും പൊട്ടിത്തെറിച്ചു. കഴിഞ്ഞ ഡിസംബറിനുശേഷം ഇത് ഏഴാമത്തെ തവണയാണ് അഗ്നിപർവതം തീ തുപ്പുന്നത്.

ബുധനാഴ്ച രാത്രി 11:14 നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ഐസ്‌ലൻഡിന്റെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. സ്ഫോടനത്തിൽ ഏകദേശം മൂന്നു കിലോമീറ്റർ നീളമുള്ള ഒരു വിള്ളൽ സൃഷ്ടിക്കപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ സ്‌ഫോടനത്തെ അപേക്ഷിച്ച് ഇപ്രാവശ്യത്തേത് വളരെ ചെറുതാണ്.

പൊട്ടിത്തെറി, പ്രദേശത്തെ വ്യോമഗതാഗതത്തിന് ഭീഷണി ഉയർത്തുന്നില്ലെന്നും അടുത്തുള്ള പട്ടണമായ ഗ്രിൻഡാവിക് ഉൾപ്പെടെ ഉപദ്വീപിന്റെ ഭാഗങ്ങളിൽ പൊടിപടലങ്ങളും ദോഷകരമായ വാതകവും പടരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 3,800 ഓളം ആളുകൾ മാത്രമാണ് ഇവിടെ താമസമുള്ളത്.

തലസ്ഥാനമായ റെയ്‌ജാവിക്കിനു തെക്കുപടിഞ്ഞാറ് 50 കിലോമീറ്റർ അകലെയുള്ള ഗ്രിൻഡാവിക്കിനു സമീപമുള്ള ആവർത്തിച്ചുള്ള അഗ്നിപർവത സ്‌ഫോടനങ്ങൾ അടിസ്ഥാനസൗകര്യങ്ങൾക്കും വസ്തുവകകൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ ഇവിടെയുള്ള താമസക്കാരെ അധികൃതർ മാറ്റിപ്പാർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News