റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ രാജ്യത്തിന്റെ 13,000 ത്തിലധികം സൈനികർ കൊല്ലപ്പെട്ടുവെന്ന് ഉക്രെയ്ൻ. പ്രസിഡന്റ് വ്‌ളോഡിമിർ സെലൻസ്‌കിയുടെ ഉപദേശകൻ മിഖാലിയോ പൊഡോലിയാക് ആണ് ഉക്രെയ്നുണ്ടായ സൈനിക നഷ്ടത്തിന്റെ കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ മിഖാലിയോയുടെ പ്രസ്താവന, യുക്രെയ്ൻ സൈന്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധം രൂക്ഷമായിരിക്കെ രാജ്യത്ത് ദിവസവും 100 നും 200 നും ഇടയിൽ സൈനികർ കൊല്ലപ്പെട്ട ദിവസങ്ങളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വ്യക്തമാക്കുന്നു. ജൂണിലും ദിനംപ്രതി കൊല്ലപ്പെടുന്ന സൈനികരുടെ കണക്കുകൾ യുക്രെയ്ൻ പുറത്തുവിട്ടിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ ഒരു ലക്ഷത്തോളം റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും മിഖാലിയോ പൊഡോലിയാക് വിശദീകരിക്കുന്നു. 10,000 മുതൽ 15,000 വരെ റഷ്യൻ സൈനികർക്ക് പരുക്കേൽക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും മിഖാലിയോ വ്യക്തമാക്കുന്നു.
യഥാർഥത്തിൽ കൊല്ലപ്പെട്ട സൈനികർ ഇതിലേറെയാണെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളിലേതുമായി ഒരു ലക്ഷത്തോളം സൈനികർ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ മാസം അമേരിക്ക പുറത്ത് വിട്ട കണക്കുകൾ.