രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പായി പരക്കെ കണക്കാക്കപ്പെടുന്ന വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അംഗോളയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. നിലവിലെ പ്രസിഡന്റ് ജോവോ ലോറന്‍കോ കരിസ്മാറ്റിക് പ്രതിപക്ഷ നേതാവ് അഡാല്‍ബെര്‍ട്ടോ കോസ്റ്റ ജൂനിയറിനെതിരെയാണ് മത്സരിച്ചത്.
അഞ്ച് പതിറ്റാണ്ടോളമായി രാജ്യം ഭരിച്ച പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ ലിബറേഷന്‍ ഓഫ് അംഗോള (എംപിഎല്‍എ) 1992 നു ശേഷം ഏറ്റവും ഗുരുതരമായ വെല്ലുവിളിയാണ് ഇത്തവണ നേരിട്ടത്. എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിച്ചിരുന്നുവെങ്കിലും എംപിഎല്‍എയും അതിന്റെ ദീര്‍ഘകാല എതിരാളിയും മുന്‍ വിമത പ്രസ്ഥാനമായ നാഷണല്‍ യൂണിയന്‍ ഫോര്‍ ദ ടോട്ടല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഓഫ് അംഗോളയും (UNITA) തമ്മിലായിരുന്നു പ്രധാന മത്സരം.
2017-ലെ തിരഞ്ഞെടുപ്പില്‍ 61 ശതമാനം വോട്ട് നേടിയ MPLAക്കുള്ള പിന്തുണ കുറയുമെന്നും മറ്റ് രണ്ട് പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന UNITAയ്ക്ക് നേട്ടമുണ്ടാക്കുമെന്നും വോട്ടിംഗിന് മുമ്പുള്ള അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നു.
ആഫ്രിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ഉത്പാദക രാജ്യമാണ് അംഗോള. എന്നിരുന്നാലും അംഗോളക്കാരില്‍ പകുതിയും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. 25 വയസ്സിന് താഴെയുള്ളവരില്‍ പകുതിയിലധികം പേര്‍ തൊഴില്‍രഹിതരാണ്.
വിശാലമായ ദക്ഷിണാഫ്രിക്കന്‍ രാജ്യത്തുടനീളമുള്ള 13,200 പോളിംഗ് സ്റ്റേഷനുകളിലായി 14.7 ദശലക്ഷം ആളുകള്‍ വോട്ടുചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദേശത്ത് താമസിക്കുന്ന അംഗോളക്കാര്‍ക്ക് ആദ്യമായി വിദേശത്ത് നിന്ന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞു. വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഫലം പുറത്തുവരും.