Sunday, November 24, 2024

വോട്ടിങ് യന്ത്രങ്ങള്‍ ഇനി ഒരു മാസത്തോളം സ്‌ട്രോങ് റൂമുകളില്‍; കേന്ദ്രങ്ങളില്‍ അതിസുരക്ഷാ സംവിധാനം

വോട്ടിങ് യന്ത്രങ്ങള്‍ക്ക് ഇനി സ്ട്രോങ് റൂമുകളില്‍. ഇന്നലെ അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43 നാണ്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍.പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് നടന്നത്.

ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ഇക്കുറി അന്തിമ കണക്കുകള്‍ എത്തുന്നതോടെ വോട്ടിങ് നില 75 ശതമാനത്തിലേക്കെത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

ഇക്കുറി പ്രാഥമിക പോളിങ് ശതമാനക്കണക്കുകളില്‍ 2019നേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്. 2019ല്‍ 77.84 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ ഇന്നലെ രാത്രി എട്ടുവരെയുള്ള കണക്കനുസരിച്ച് 70.35 ശതമാനമാണ് വോട്ടിങ്. കഴിഞ്ഞവട്ടം പ്രാഥമിക പോളിങ് തന്നെ 77 ശതമാനമായിരുന്നു. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ് നിലയായിരുന്നു ഇത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്ന് സംസ്ഥാനത്തെ 140 കളക്ഷന്‍ കേന്ദ്രങ്ങളിലെത്തിച്ച ശേഷം 20 കേന്ദ്രങ്ങളിലുള്ള സ്ട്രോങ് റൂമുകളിലേക്കാണ് മാറ്റിയത്. സ്ട്രോങ് റൂമുകളുള്ള കേന്ദ്രങ്ങളില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കളക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്ന് സ്ട്രോങ് റൂമുകളിലെത്തിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് ഡബിള്‍ ലോക്ക് ചെയ്താണ് വോട്ടിങ് യന്ത്രങ്ങള്‍ ഒരു മാസത്തോളം സൂക്ഷിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമുള്ള ഒരു പ്ലറ്റൂണ്‍ സുരക്ഷസേന ഓരോ കേന്ദ്രത്തിന്റെയും സുരക്ഷ ഒരുക്കും. രണ്ട് തലങ്ങളിലുള്ള സുരക്ഷ സംവിധാനമാണ് സ്ട്രോങ് റൂമുകള്‍ക്ക് പുറത്ത്. ആദ്യ സുരക്ഷാവലയം സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സും പുറമെയുള്ള സുരക്ഷ സംസ്ഥാന ആംഡ് പൊലീസും ഒരുക്കും. സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തി.

ഇതിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സി.സി ടി.വി നിരീക്ഷിക്കും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ഇവിടെയെത്തി സുരക്ഷാ സംവിധാനങ്ങള്‍ മനസിലാക്കാന്‍ അവസരമുണ്ട്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുക.

 

Latest News