കോടിക്കണക്കിന് മൈലുകൾ അകലെയുള്ള ഇന്റർസ്റ്റെല്ലാർ ബഹിരാകാശത്ത് ഇപ്പോഴും പ്രവർത്തിക്കുന്ന, 47 വർഷം പഴക്കമുള്ള വോയേജർ 1 ബഹിരാകാശ പേടകത്തിൽനിന്നും വീണ്ടും സിഗ്നലുകൾ ലഭിച്ചുവെന്ന് നാസ. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ചരിത്രപരമായ ദൗത്യവുമായി വിക്ഷേപിച്ച പേടകത്തിൽനിന്നും ദിവസങ്ങളോളം ആശയവിനിമയം നഷ്ടമായിരുന്നു. സമീപമാസങ്ങളിൽ കാലാവധി കഴിയാറായ പേടകങ്ങൾ അഭിമുഖീകരിച്ച നിരവധി പ്രശ്നങ്ങളിലൊന്നാണ് ഇത്.
1981 മുതൽ ഭൂമിയിലെ ടീമുമായുള്ള കമ്മ്യൂണിക്കേഷന്‍ ഉപയോഗിക്കാത്ത വോയേജർ 1 ലെ ഒരു റേഡിയോ ട്രാൻസ്മിറ്ററിൽനിന്നാണ് നാസയ്ക്ക് സിഗ്നലുകൾ ലഭിക്കുന്നത്. അതേസമയം എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാൻ എഞ്ചിനീയർമാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
1977 സെപ്റ്റംബറിൽ വിക്ഷേപിച്ച ബഹിരാകാശപേടകത്തിന്റെ പ്രായം ഏറുന്നതനുസരിച്ച് ഓരോ ഘടകങ്ങളുടെ പ്രവർത്തനങ്ങൾ കൺട്രോളിങ് ടീം അവസാനിപ്പിച്ചിരുന്നു. അങ്ങനെ പ്രവർത്തനം നിർത്തിയതാണ് റേഡിയോ ട്രാൻസ്മിറ്ററും. 24 ബില്യൺ കിലോമീറ്റർ അകലെയുള്ള വോയേജർ 1 നിന്ന് പ്രധാനപ്പെട്ട ഡാറ്റകൾ ഭൂമിയിലേക്ക് അയയ്ക്കാനുള്ള പവർ നിലനിർത്താനാണ് പ്രാധാന്യം കുറഞ്ഞ ഉപകരണങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നത്.
പതിറ്റാണ്ടുകളായി റേഡിയേഷൻമൂലം തകരാറിലായ ചില ഹീറ്ററുകളും മറ്റും ഓണാക്കാൻ എഞ്ചിനീയർമാർ ഇടയ്ക്കിടെ വോയേജർ 1 ലേക്ക് കമാൻഡുകൾ അയയ്ക്കാറുണ്ട്. നാസയുടെ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ മിഷൻ കൺട്രോളിൽനിന്നാണ് ഏജൻസിയുടെ ഡീപ് സ്പേസ് നെറ്റ്വർക്ക് വഴി വോയേജറിന് സന്ദേശങ്ങൾ കൈമാറുന്നത്. വോയേജറിന് കൈമാറുന്ന സന്ദേശങ്ങളും വോയേജർ അയക്കുന്ന സന്ദേശങ്ങളും ഒരുവശത്തേക്കു മാത്രം സഞ്ചരിക്കാൻ ഏകദേശം 23 മണിക്കൂർ എടുക്കും.