റഷ്യയുടെ വാഗ്നർ മെഴ്‌സിനറി സേനയുടെ പോരാളികളെ തകർക്കാൻ റഷ്യൻ സൈന്യം യുദ്ധമുഖത്ത് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചുവെന്ന ആരോപണവുമായി വാഗ്നർ മെഴ്‌സിനറി സേനയുടെ മേധാവി യെവ്ജെനി പ്രിഗോജിൻ. ഉക്രൈൻ യുദ്ധത്തിൽ റഷ്യൻ സേനയെ സഹായിക്കുന്ന
സ്വകാര്യ കൂലിപ്പട്ടാളമാണ് വാഗ്നർ മെഴ്‌സിനറി സേന.
മാസങ്ങൾ നീണ്ട രക്തരൂക്ഷിതമായ പോരാട്ടത്തിന് ശേഷം കിഴക്കൻ ഉക്രേനിയൻ പട്ടണമായ ബഖ്മുട്ടിൽ നിന്ന് വാഗ്നർ കൂലിപ്പടയാളികൾ വലിയ തോതിൽ പിൻവാങ്ങിയതിന്റെ പിന്നാലെയാണ് പ്രിഗോജിൻ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. തകർന്ന പട്ടണത്തിലെ വാഗ്നർ സ്ഥാനങ്ങൾ റഷ്യൻ സൈന്യത്തിന് കൈമാറി.
റഷ്യൻ സൈന്യം നൂറുകണക്കിന് മൈനുകൾ ഉൾപ്പെടെ വിവിധ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുള്ള ഒരു ഡസൻ സ്ഥലങ്ങൾ തന്റെ ആളുകൾ കണ്ടെത്തിയതായി പ്രിഗോജിൻ പറഞ്ഞു. എന്തുകൊണ്ടാണ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചതെന്ന് ചോദിച്ചപ്പോൾ, മേലുദ്യോഗസ്ഥരുടെ ഉത്തരവുപ്രകാരമാണെന്നാണ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് പ്രിഗോജിൻ പറഞ്ഞു.
“ശത്രുക്കളെ തടയാൻ ഈ മൈനുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല, കാരണം അത് റഷ്യ കീഴടക്കിയ സ്ഥലത്താണ്. അതിനാൽ, ഈ മൈനുകൾ വാഗ്നറിന്റെ യൂണിറ്റുകളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് തനിക്ക് അനുമാനിക്കേണ്ടി വരുമെന്ന്” പ്രിഗോജിൻ പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആർക്കും പരിക്കില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.