സായുധ കലാപ നീക്കം നടത്തിയ വാഗ്നര്‍ ഗ്രൂപ്പ് മേധാവി യവ്ജനി പ്രിഗോഷിനെ ബെലാറൂസിലേക്ക് നാടുകടത്തി. കലാപാഹ്വാനത്തില്‍ പ്രിഗോഷിനെതിരെ റഷ്യ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവാണ് ഇതു സംബന്ധിച്ച വിവരം പങ്കുവച്ചത്.
“വാഗ്നര്‍ ഗ്രൂപ്പ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന കലാപത്തിനെതിരെ റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവ്വീസ് ചുമത്തിയ കുറ്റങ്ങൾ ഒഴിവാക്കും. കലാപനീക്കങ്ങള്‍ നടത്തിയ സൈനികരെ പ്രോസിക്യൂട്ട് ചെയ്യില്ല” – ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുക്കാത്ത വാഗ്നർ ഗ്രൂപ്പിലെ പോരാളികൾക്ക് പ്രതിരോധ മന്ത്രാലയം കരാറുകള്‍ വാഗ്‌ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.16 മാസമായി യുക്രൈനിൽ തുടരുന്ന രക്തരൂഷിത യുദ്ധത്തിൽ റഷ്യൻ സൈനികനീക്കങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നത് വാഗ്നര്‍ സേനയാണ്.
24 മണിക്കൂർ നീണ്ടുനിന്ന കലാപം, ബെലാറൂസ്സ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോയുടെ മദ്ധ്യസ്ഥ ചര്‍ച്ചകളിലൂടെ ശനിയാഴ്ച വൈകി പരിഹരിക്കപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച പ്രിഗോഷിന് ബെലാറൂസിലേക്ക് പോയത്. പിന്നാലെയാണ് ക്രെംലിൻ വക്താവിന്റെ പ്രഖ്യാപനം. അതേസമയം, യുക്രൈന്റെ അധിനിവേശത്തിൽ അതിനിർണ്ണായകമായ തെക്കൻ റഷ്യയിലെ റോസ്തോവ് നഗരം പിടിച്ചെടുത്താണ് മോസ്കോയിലേക്ക് പ്രഗോഷിന്‍ കലാപം നയിച്ചത്. എന്നാല്‍ നഗരം പിടിച്ചെടുക്കാനെത്തുമ്പോൾ അവിടെയുണ്ടായിരുന്ന ഔദ്യോഗിക സൈനികര്‍ പ്രതിഷേധിക്കുകയോ, ജനങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഇത് പുടിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം, പ്രിഗോഷിന് ബെലാറൂസിലേക്കു പോയെങ്കിലും മറുവശത്ത്, വാഗ്നർ കൂലിപ്പടയെ പതുക്കെ പൂർണ്ണമായി ഇല്ലാതാക്കാനുള്ള ശ്രമം പുടിന്‍ നടത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.