വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടറെ ചാരപ്പണി ചുമത്തി അറസ്റ്റ് ചെയ്ത് റഷ്യ. യെകാറ്ററിന്‍ബര്‍ഗ് പട്ടണത്തില്‍നിന്നാണ് ഇവാന് ഗെര്‍ഷ്കോവിച്ചിനെ ഫെഡറല്‍ സെക്യൂരിറ്റി വിഭാഗം കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരം ശേഖരിക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്ന് റഷ്യ ആരോപിച്ചു. സോവ്യറ്റ് കാല രഹസ്യാന്വേഷണ വിഭാഗമായിരുന്ന കെജിബിയുടെ പിന്മുറക്കാരാണ് രഹസ്യാന്വേഷണ ചുമതലയുള്ള ഫെഡറല്‍ സെക്യൂരിറ്റി വിഭാഗം. എന്നാല്‍ ചാരപ്പണി ആരോപണം വാള് സ്ട്രീറ്റ് ജേണല്‍ നിഷേധിച്ചു. ഇവാനെ വിട്ടയക്കണമെന്നും അമേരിക്കന്‍ മാധ്യമം ആവശ്യപ്പെട്ടു.
കസ്റ്റഡിയിലുള്ള ഇവാന് ഗെര്‍ഷ്കോവിച്ചിനെ അന്വേഷണ വിധേയമായി ജയിലിലടക്കാന്‍ മോസ്കോ കോടതി ഉത്തരവിട്ടിട്ടുണ്ട്. വാള് സ്ട്രീറ്റ് ജേണല്‍ മോസ്കോ ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന ഗെര്‍ഷ്കോവിച്ച് റഷ്യ, യുക്രെയ്ന്, മറ്റു മുന്‍ സോവ്യറ്റ് രാജ്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന റിപ്പോര്‍ട്ടറാണ്. 1986ല്‍ ശീതയുദ്ധം ശക്തമായി നില്‍ക്കെയാണ് അവസാനമായി ഒരു അമേരിക്കന്‍ മാധ്യമ പ്രവര്ത്തകന് റഷ്യയില്‍ പിടിയിലാകുന്നത്. സോവ്യറ്റ് കാലത്തിനു ശേഷം ആദ്യമായാണ് റഷ്യയില്‍ ഒരു വിദേശ മാധ്യമ പ്രവര്ത്തകന് ചാരപ്പണി ആരോപിക്കപ്പെട്ട് പിടിയിലാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.