കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ, കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിലും രാജ്യസഭയിലും പാസായതോടെ നിയമമായി മാറുകയാണ്. കേരളത്തെ സംബന്ധിച്ച് മുനമ്പത്തെ അറുനൂറിൽപരം കുടുംബങ്ങൾ നേരിട്ട സമാനതകളില്ലാത്ത വെല്ലുവിളികളാണ് ഈ വിഷയത്തെ ആഴമേറിയ ചർച്ചകളിലേക്ക് നയിച്ചത്.
ഒരു നൂറ്റാണ്ടിലേറെയായി പൂർവികർ അധിവസിച്ചു പോന്നതും മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് പണംകൊടുത്ത് വാങ്ങിയതുമായ ഭൂമി വഖഫ് ബോർഡ് പൊടുന്നനെ ഉന്നയിച്ച അവകാശവാദത്തെത്തുടർന്ന് കൈവിട്ടുപോകുമെന്ന ഘട്ടം വന്നപ്പോൾ മുനമ്പം നിവാസികൾ ആരംഭിച്ച നിരാഹാര സമരം 172 ദിവസം പൂർത്തിയായപ്പോഴാണ് ബിൽ പാർലമന്റിൽ ചർച്ചയ്ക്കെത്തുകയും പാസാകുകയും ചെയ്തത്.
മുനമ്പം ജനത നേരിട്ട കടുത്ത വെല്ലുവിളിയും അവരുടെ അതിജീവനത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് വഖഫ് നിയമവും അതിന്റെ പരിഷ്കരണവും സംബന്ധിച്ച വിഷയങ്ങൾ കേരളത്തിലെ കത്തോലിക്കാ സമൂഹം അതീവ ഗൗരവമായെടുക്കാൻ കാരണമായത്.
എന്നാൽ, വഖഫ് നിയമഭേദഗതിയോട് ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്നു ക്രൈസ്തവർക്കെതിരേ അതിരൂക്ഷമായ അപവാദ-വിദ്വേഷ പ്രചാരണങ്ങളാണ് ഈ ദിവസങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. കിട്ടുന്ന അവസരങ്ങളിലെല്ലാം ക്രൈസ്തവ വിഭാഗത്തെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ ഇകഴ്ത്തിക്കാട്ടാൻ എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള തീവ്ര സ്വഭാവമുള്ള ചില പ്രസ്ഥാനങ്ങൾ നിഷ്പക്ഷ മുഖംമൂടി ധരിച്ച് വീണ്ടും കളത്തിൽ ഇറങ്ങിയിട്ടുള്ളതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മാധ്യമം ദിനപത്രത്തിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം. വഖഫ് വിവാദത്തോടു ബന്ധപ്പെട്ട് ഇതിനു മുമ്പും സമാനമായ രീതിയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഈ പത്രം ഉയർത്തിയിരുന്നു.
സഭയ്ക്കെതിരേയുള്ള ആരോപണങ്ങൾ
മുസ്ലിം സമുദായത്തിനെതിരേ സംഘപരിവാർ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങൾക്ക് കത്തോലിക്കാ സഭ കൂട്ടുനിൽക്കുകയാണെന്നാണ് വ്യാപകമായ പ്രചാരണങ്ങളിലൊന്ന്. സംഘപരിവാർ ചായ്വ് കത്തോലിക്കാ സഭയ്ക്കുണ്ടെന്നും കാര്യങ്ങൾ മനസിലാക്കാതെ സംഘപരിവാറിന്റെ അജണ്ടകളെ സഭ പിന്തുണയ്ക്കുകയാണെന്നുമുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലും ചില മുഖ്യധാരാ മാധ്യമങ്ങളിലും നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒപ്പം കത്തോലിക്കാ സഭയ്ക്കെതിരായ ചില വ്യാജപ്രചാരണങ്ങളും ഇടതടവില്ലാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് 2024 നവംബറിൽ ഈ ദിനപത്രം വഴിയായിത്തന്നെ, ഇന്ത്യയിൽ കത്തോലിക്കാ സഭയ്ക്ക് പതിനേഴ് കോടി ഏക്കർ ഭൂസ്വത്തുണ്ടെന്ന വ്യാജ വാദം ഉയർന്നത്. ഈ അടുത്ത ദിവസങ്ങളിൽ ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറും ഇത്തരമൊരു വാദഗതി ഉയർത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് വിവാവാദമായപ്പോൾ ലേഖനം പിൻവലിക്കുകയുണ്ടായി (കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ മുഴുവൻ ചേർന്നാലും 17 കോടി ഏക്കറിൽ താഴെയേ വരൂ).
കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള കോൺസ്പിരസി തിയറികൾ ഉയർത്തിയുള്ള ആരോപണങ്ങൾ ഉയർത്തിക്കാണിച്ചുള്ള അവഹേളന ശ്രമങ്ങളാണ് ഇത്തരക്കാർ നടത്തിവരുന്ന മറ്റൊരു നീക്കം. വസ്തുനിഷ്ഠമായി വിഷയത്തെ സമീപിക്കുന്നതിനു പകരം ഇത്തരം ദുരാരോപണങ്ങളും അവഹേളനപരമായ പരാമർശങ്ങളും ഉയർത്തി കത്തോലിക്കാ സഭയുടെ പ്രതിച്ഛായ തകർക്കാനും അതുവഴി സഭയുടെ നിലപാടുകളെ മോശമായി ചിത്രീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇക്കൂട്ടർ നിരന്തരം നടത്തിവരുന്നത് എന്നതാണ് വാസ്തവം.
മുനമ്പം – വഖഫ് വിഷയത്തിൽ സഭയുടെ നിലപാട്
1995ലെ വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടത് 2024 ഓഗസ്റ്റിലാണ്. ഏറെക്കുറെ ആ കാലയളവിൽ തന്നെയാണ് മുനമ്പം നിവാസികൾ വഖഫ് ബോർഡ് ഉന്നയിച്ച അവകാശവാദത്തെത്തുടർന്ന് രൂക്ഷമായ പ്രതിസന്ധിയിൽ അകപ്പെട്ട വിവരം പുറംലോകത്ത് ചർച്ചയാകുന്നതും. മുനമ്പം നിവാസികളുടെ പ്രതിസന്ധി 1995ലെ വഖഫ് നിയമത്തിലെ ചില വകുപ്പുകളുമായി ബന്ധപ്പെട്ടതാണെന്നത് മുനമ്പം വിഷയം പഠനവിധേയമാക്കിയ അനേകരെ വഖഫ് നിയമ പരിഷ്കരണം സംബന്ധിച്ച വിഷയത്തിലേക്ക് നയിക്കുകയുണ്ടായി. ആരംഭഘട്ടത്തിൽ മത-രാഷ്ട്രീയ ഭേദമെന്യേ വലിയൊരു വിഭാഗം മുനമ്പത്തെ ഭൂമി വഖഫ് പ്രോപ്പർട്ടി അല്ല എന്ന നിലപാട് പരസ്യമായി സ്വീകരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചില മുസ്ലിം ലീഗ് നേതാക്കളും ആ നിലപാട് തുടക്കത്തിൽ സ്വീകരിച്ചിരുന്നത് ഉദാഹരണമാണ്. എന്നാൽ, തീവ്രസ്വഭാവമുള്ള ചില ഇസ്ലാമിക സംഘടനകൾ ഈ വിഷയം കൈകാര്യം ചെയ്തു തുടങ്ങിയതുമുതൽ പൊതുവെയുള്ള നിലപാടുകൾക്കും മാറ്റം സംഭവിച്ചുതുടങ്ങി.
1950ൽ സിദ്ദിഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് ഇഷ്ടദാനമായി ക്രയവിക്രയ അവകാശം നൽകി കൈമാറിയ ഭൂമി; കോളജ് ഏതെങ്കിലും കാലഘട്ടത്തിൽ പൂട്ടിപ്പോകുന്ന പക്ഷം ബാക്കിയുള്ള ഭൂമി സിദ്ദിഖ് സേട്ടിന്റെ അനന്തരാവകാശിക്ക് തിരികെ എഴുതിക്കൊടുക്കണമെന്നു വ്യവസ്ഥ വച്ചിട്ടുള്ള ആധാരം; ഇതുവരെ നിലനിന്നിരുന്ന 1995ലെ വഖഫ് നിയമപ്രകാരം വഖഫ് വസ്തുവിനുള്ള നിർവചനം നിലവിൽവരുന്നതിനു മുമ്പ് ഫാറൂഖ് കോളജ് പണം വാങ്ങി രജിസ്റ്റർ ചെയ്തു നൽകിയ ആധാരങ്ങൾ എന്നിങ്ങനെയുള്ള വസ്തുതകൾ നിലനിൽക്കേ, വഖഫ് ഭൂമി എന്ന് യാതൊരു വിധത്തിലും അവകാശപ്പെടാൻ സാധ്യതകൾ ഇല്ലാതിരുന്നിട്ടും നിലവിലുള്ള വഖഫ് നിയമത്തിലെ ചില പഴുതുകൾ ദുരുപയോഗിച്ചുകൊണ്ടാണ് വഖഫ് ബോർഡും വഖഫ് സംരക്ഷണ സമിതിയും തങ്ങളുടെ വാദഗതികളിൽ ഉറച്ചുനിൽക്കുന്നതെന്ന് ഇക്കാലയളവിനുള്ളിൽ അനേകർ മനസിലാക്കി. ആ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാകണമെങ്കിൽ വഖഫ് നിയമഭേദഗതി കൂടിയേ തീരൂ എന്ന തിരിച്ചറിവിലേക്ക് പലരും എത്തിച്ചേർന്നത്.
1950ൽ സിദ്ദിഖ് സേട്ട് എന്ന വ്യക്തി ഫാറൂഖ് കോളജിന് ഇഷ്ടദാനമായി ക്രയവിക്രയ അവകാശം നൽകി കൈമാറിയ ഭൂമി; കോളജ് ഏതെങ്കിലും കാലഘട്ടത്തിൽ പൂട്ടിപ്പോകുന്ന പക്ഷം ബാക്കിയുള്ള ഭൂമി സിദ്ദിഖ് സേട്ടിന്റെ അനന്തരാവകാശിക്ക് തിരികെ എഴുതിക്കൊടുക്കണമെന്നു വ്യവസ്ഥ വച്ചിട്ടുള്ള ആധാരം; ഇതുവരെ നിലനിന്നിരുന്ന 1995ലെ വഖഫ് നിയമപ്രകാരം വഖഫ് വസ്തുവിനുള്ള നിർവചനം നിലവിൽവരുന്നതിനു മുമ്പ് ഫാറൂഖ് കോളജ് പണം വാങ്ങി രജിസ്റ്റർ ചെയ്തു നൽകിയ ആധാരങ്ങൾ…
മുനമ്പത്തെ പാവപ്പെട്ട ജനങ്ങൾക്ക് നീതി ലഭിക്കുന്നതിനൊപ്പം, സമാനമായ സംഭവങ്ങൾ ഇന്ത്യയിൽ ഒരിടത്തും ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ട ഭേദഗതികൾ നിലവിലുള്ള നിയമത്തിൽ കൊണ്ടുവരണമെന്ന് മാത്രമായിരുന്നു കത്തോലിക്കാ സഭയുടെ ആരംഭം മുതലുള്ള പ്രഖ്യാപിത നിലപാട്. അതേസമയംതന്നെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യമെന്ന മൗലിക അവകാശത്തിന് വിരുദ്ധമായ നിയമനിർമാണങ്ങളും ഭേദഗതികളും ഒഴിവാക്കപ്പെടണമെന്നും സഭ കൃത്യമായ നിലപാടെടുത്തു. ഇവിടെ സഭയുടെ നിലപാട് ഏതെങ്കിലും മതത്തിനെതിരായ നിലപാടായിരുന്നില്ല. അത് പ്രശ്ന പരിഹാരത്തിനും മതസൗഹാർദത്തിന്റെ ശാശ്വത നിലനിൽപ്പിനും വേണ്ടി യാഥാർഥ്യ ബോധ്യത്തിൽ ഊന്നി സ്വീകരിച്ച നിലപാടായിരുന്നു.
ഈ പ്രതിസന്ധിയുടെ ആരംഭം മുതൽ തന്നെ വർഗീയ ധ്രുവീകരണം ഉണ്ടാകാതിരിക്കാനുള്ള നിലപാടുകളും നയങ്ങളുമാണ് സഭ സ്വീകരിച്ചത്. ഒട്ടേറെ തവണ മുസ്ലിം സമുദായത്തിന്റെ പ്രതിനിധികളുമായി ഈ വിഷയത്തിൽ തുറന്ന സംവാദം നടന്നിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയിലും വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തിലും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അത്തരത്തിൽ പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷ ആരംഭഘട്ടത്തിൽ ചർച്ചകളിൽ പങ്കെടുത്ത ഏവർക്കുമുണ്ടായിരുന്നെങ്കിലും അവിടെയെല്ലാം വെല്ലുവിളിയായത് സ്ഥാപിത താത്പര്യങ്ങളോടെ വ്യാജപ്രചാരണങ്ങൾക്ക് മുന്നിട്ടിറങ്ങിയ ചിലരാണ്.
വഖഫ് നിയമഭേദഗതി ആവശ്യമെന്ന ചിന്തയുടെ അടിസ്ഥാനം
1995ലെ വഖഫ് നിയമത്തിൽ ഭേദഗതികൾ ആവശ്യമുള്ള അപകടകരമായ ചില വ്യവസ്ഥകൾ താഴെപ്പറയുന്നവയാണ്:
1. 1995ലെ വഖഫ് നിയമത്തിൽ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 300 A നൽകുന്ന സ്വത്തവകാശത്തെ മറികടന്ന് രാജ്യത്തെ ഏതൊരു പൗരന്റെ സ്വത്തും കൈക്കലാക്കി വഖഫ് സ്വത്താക്കാൻ കഴിയുന്ന വ്യവസ്ഥയാണ് സെക്ഷൻ 40 ഉൾക്കൊള്ളുന്നത്.
2. വഖഫ് നിയമത്തിലെ വകുപ്പ് 52ലെ ഉപവകുപ്പ് 4ൽ “വഖഫ് ട്രൈബ്യൂണലിന്റെ വിധി അന്തിമമാണ്” എന്ന വാക്കുകൾ അത്യന്തം ഗുരുതരമായ പാർശ്വഫലങ്ങളുള്ളതാണ്. വഖഫ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ അപ്പീൽ പോകാനുള്ള സാധ്യത ഒരു ഇന്ത്യൻ പൗരനില്ലാതെ വരുന്നത് മൗലികാവകാശ ലംഘനമാണ്.
3. സെക്ഷൻ 52 A ഏതൊരു വസ്തുവിന്റെ ഉടമസ്ഥരെയും അതിലെ താമസക്കാരെയും ഏകപക്ഷീയമായി കൈയേറ്റക്കാരായി ചിത്രീകരിക്കാനും രണ്ടു വർഷംവരെ കഠിനതടവിന് ശിക്ഷിക്കാനും വഖഫ് ബോർഡിനും ട്രൈബ്യൂണലിനും അധികാരം നൽകുന്നു.
4. കാലപരിധി നിയമം (Law of Limitation) മറികടന്ന് കാലങ്ങളായി ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ വഖഫിന്റേതാക്കാൻ സാധ്യമാകുന്ന നിലവിലുള്ള വഖഫ്നിയമത്തിലെ സെക്ഷൻ 107ന്റെ ഭേദഗതിയും പ്രധാനപ്പെട്ടതാണ് (സെക്ഷൻ 107ന്റെ പിൻബലത്തിലാണ് 1995ൽ പാസായ വഖഫ് നിയമത്തിന്റെ പരിധിയിൽ 1993ന് മുമ്പ് വിലകൊടുത്തു വാങ്ങിയ മുനമ്പത്തെ ഭൂമിക്കുമേൽ വഖഫ് അവകാശവാദം ഉയർന്നത്).
ഇത്തരം വ്യവസ്ഥകൾ നിലവിലുണ്ടായിരുന്ന വഖഫ് നിയമത്തിൽ നിലനിൽക്കുവോളം മുനമ്പം ജനതയെപ്പോലെ പ്രതിസന്ധിയിൽ അകപ്പെടുന്ന ജനങ്ങൾക്ക് നീതി ലഭിക്കുക അസാധ്യമാണെന്നതാണ് നിലനിന്നിരുന്ന സാഹചര്യമെന്നതിനാൽ, വഖഫ് നിയമത്തിലെ ഇത്തരം വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുന്നതിനെ അനുകൂലിക്കാൻ സഭാ നേതൃത്വത്തെയും ക്രൈസ്തവ സമുദായ നേതൃത്വങ്ങളെയും സംഘടനകളെയും പ്രേരിപ്പിക്കുകയുണ്ടായി. ആ നിലപാടിൽ യാതൊരു മാറ്റവുമില്ല. അത്തരമൊരു നിലപാട് കത്തോലിക്കാ സഭയോ സമുദായ – സംഘടനാ നേതൃത്വങ്ങളോ സ്വീകരിച്ചതിന് പിന്നിൽ സംഘപരിവാർ അനുഭാവമോ സ്വാധീനങ്ങളോ ഉണ്ടെന്ന വാദഗതി തികച്ചും അർഥരഹിതമാണ്.
മറ്റു സംഭവവികാസങ്ങൾ
കേരള സർക്കാർ ഒരു കമ്മീഷനെ നിയമിക്കുകയും മുനമ്പം പ്രശ്നത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തത് മുനമ്പം വിഷയത്തിലെ ഒരു വഴിത്തിരിവായിരുന്നു. എന്നാൽ, 2024 നവംബറിലെ ഉപതെരഞ്ഞെടുപ്പിനുശേഷം മുസ്ലിം ലീഗിലെ തന്നെ ചില നേതാക്കൾ മുനമ്പം വഖഫ് ഭൂമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസം സൃഷ്ടിക്കുകയുണ്ടായി.
തുടർന്ന് സമുദായത്തിലെ പല സംഘടനകളും മുനമ്പം വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഒരിഞ്ച് വഖഫ് ഭൂമിപോലും അന്യാധീനപ്പെടാൻ അനുവദിക്കുകയില്ലെന്ന നിലപാടെടുത്തുകൊണ്ട് കേരളമെമ്പാടും വ്യാപക പ്രചാരണങ്ങൾ നടത്തി. മുനമ്പം കമ്മീഷനിൽനിന്നു മുനമ്പത്തുകാർക്ക് അനുകൂലമായ ചില പരാമർശങ്ങളുണ്ടായപ്പോൾ മുസ്ലിം സംഘടനകളിൽ പലതും അതിതീവ്രമായും വൈകാരികമായുമാണ് പ്രതികരിച്ചത്.
സംസ്ഥാന ന്യൂനപക്ഷമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ള പ്രമുഖരും മുനമ്പം വഖഫ് ഭൂമി തന്നെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ചില വ്യക്തികളും സംഘടനകളും അക്കാലംമുതൽ കത്തോലിക്കാ സഭയ്ക്കെതിരായ വ്യാജപ്രചാരണങ്ങളിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
വഖഫ് സംരക്ഷണ സമിതി ഫയൽ ചെയ്ത കേസിനെത്തുടർന്ന് മാർച്ച് 17ന്, സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. ഇത്തരം സംഭവവികാസങ്ങൾ മുനമ്പം വിഷയത്തെ അത്യന്തം സങ്കീർണമായ അവസ്ഥയിലേക്കെത്തിച്ചു.
പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ സ്വാഭാവികമായും ഏക പ്രതീക്ഷയായി വഖഫ് നിയമഭേദഗതിയെ കണ്ടു. അത്തരമൊരു നിലപാടിലേക്ക് ആ ജനത എത്തിച്ചേർന്നത് സാഹചര്യങ്ങളുടെ സമ്മർദംകൊണ്ടാണെന്ന് നിസംശയം പറയാം. ഇപ്രകാരമൊരു പ്രതിസന്ധി രൂപംകൊണ്ടപ്പോൾ എത്രയും വേഗം ആ ജനതയ്ക്ക് നീതി നടത്തിക്കൊടുക്കാൻ തയാറാകാതിരുന്ന സർക്കാരിനും ബന്ധപ്പെട്ട വകുപ്പിനും വഖഫ് ബോർഡിനും രാഷ്ട്രീയ നേതൃത്വങ്ങൾക്കും സമുദായ നേതൃത്വങ്ങൾക്കും ഇക്കാര്യത്തിൽ തുല്യപങ്കുണ്ട്.
ഒടുവിൽ ഗതികേടുകൊണ്ട്, കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിയമപരിഷ്കരണത്തെ കച്ചിത്തുരുമ്പായി കണ്ടു എന്ന കാരണത്താൽ അവരുടെയോ അവരെ പിന്തുണച്ചവരുടെയോ നിലപാടുകളെ രാഷ്ട്രീയമായി ദുർവ്യാഖ്യാനം നൽകി അവതരിപ്പിക്കുന്നതും വ്യാജപ്രചാരണങ്ങൾ നടത്തുന്നതും ആശാസ്യമല്ല.
കത്തോലിക്കാ സഭയ്ക്ക് പറയാനുള്ളത്
വഖഫ് നിയമ പരിഷ്കരണം ഏതെങ്കിലും വിധത്തിൽ ന്യൂനപക്ഷ അവകാശങ്ങളെ നിഷേധിക്കുന്ന ഒന്നാകരുതെന്ന നിലപാട് ആരംഭം മുതൽ കത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട്. കെസിബിസി നേതൃത്വം ഉൾപ്പെടെ ജെപിസിക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ള ആ നിലപാടിൽ എല്ലായ്പ്പോഴും സഭാ നേതൃത്വം ഉറച്ചുനിൽക്കുന്നു. ഇത്തരമൊരു നിയമം അശാസ്ത്രീയമായി അടിച്ചേൽപ്പിക്കുന്ന പക്ഷം, മുനമ്പത്തേതിന് സമാനമായി ഭാവിയിലും സംഭവിക്കാനിടയുള്ള മൗലികാവകാശ ലംഘനങ്ങൾ, വർഗീയ ധ്രുവീകരണം തുടങ്ങിയവ സംബന്ധിച്ച ആശങ്കകളാണ് കത്തോലിക്കാ സഭയ്ക്കുള്ളത്.
നിയമപരമായും നീതിനിഷ്ഠമായും വഖഫ് ബോർഡ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഭൂസ്വത്ത് അപ്രകാരംതന്നെ തുടരുകയും അതിന്റെ ഉപയോഗം ക്രിയാത്മകമായ ഫലങ്ങൾക്ക് ഇടയാക്കുകയും വേണം. എന്നാൽ, സാമൂഹിക ഐക്യവും മതസൗഹാർദവും ഈ രാജ്യത്ത് എക്കാലവും നിലനിൽക്കുകയും പരിപോഷിക്കപ്പെടുകയും വേണം. അതിന് തടസമാകുന്ന വ്യാജ പ്രചാരണങ്ങളും പഴിചാരലുകളും ഉപേക്ഷിച്ച് തുറന്ന സംവാദങ്ങളുടെ പാത സ്വീകരിക്കാൻ രാഷട്രീയ-മത-സമുദായ നേതൃത്വങ്ങൾ തയാറാകണം.
ഫാ. തോമസ് തറയിൽ (ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, കെസിബിസി)