തന്റെ നിയന്ത്രണത്തിലുള്ള യുക്രൈനിന്റെ ചില ഭാഗങ്ങൾ നാറ്റോയുടെ കുടക്കീഴിൽ ചേർത്തുകൊണ്ട് യുദ്ധത്തിന്റെ തീവ്രവശം തടയാൻ ശ്രമിക്കണമെന്ന് പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. സ്കൈ ന്യൂസിന് നൽകിയ ദീർഘവും വിശാലവുമായ അഭിമുഖത്തിൽ ആണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
നാറ്റോ അംഗത്വം സ്വീകരിക്കുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ യുക്രൈന് മുഴുവൻ നാറ്റോ അംഗത്വം വാഗ്ദാനം ചെയ്താൽ മാത്രമേ താൻ അങ്ങനെ ചെയ്യുകയുള്ളൂവെന്ന് സെലൻസ്കി പറഞ്ഞു. ഒപ്പം നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശം “നയതന്ത്ര രീതിയിൽ” തിരികെ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുക്രൈൻ ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ നിർദ്ദേശം വളരെ സൈദ്ധാന്തികമാണ്. സെലൻസ്കി ചൂണ്ടിക്കാണിച്ചതുപോലെ, ആരും ഇതുവരെ അത്തരമൊരു വാഗ്ദാനം യുക്രൈന് നൽകിയിട്ടില്ല. അത്തരമൊരു നീക്കം നാറ്റോ എപ്പോഴെങ്കിലും പരിഗണിക്കുമോ എന്നതും വളരെ സംശയകരമാണ്.
“യുക്രൈൻ ഒരിക്കലും അത്തരമൊരു നിർദ്ദേശം പരിഗണിച്ചിട്ടില്ല, കാരണം ആരും ഇത് ഞങ്ങൾക്ക് ഔദ്യോഗികമായി വാഗ്ദാനം ചെയ്തിട്ടില്ല”, സെലൻസ്കി പറഞ്ഞു. നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള ഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ രാജ്യത്തിനും നാറ്റോ അംഗത്വം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങൾക്ക് ഒരു രാജ്യത്തിന്റെ ഒരു ഭാഗത്തേക്ക് മാത്രം ക്ഷണം നൽകാൻ കഴിയില്ല”, സ്കൈ ന്യൂസ് നൽകിയ വിവർത്തനത്തിൽ പ്രസിഡന്റ് പറഞ്ഞു. ധാരാളം ആളുകൾ വെടിനിർത്തൽ നിർദ്ദേശിക്കുന്നുണ്ടെങ്കിലും റഷ്യ വീണ്ടും ആക്രമിക്കുന്നത് തടയുന്നതിനുള്ള ഒരു സംവിധാനമില്ലാതെ വെടിനിർത്തൽ നടപ്പാക്കുന്നത് വളരെ അപകടകരമാണെന്നും സെലൻസ്കി ചൂണ്ടിക്കാട്ടി.