പന്നിയിറച്ചി കഴിക്കുന്നതിലൂടെ ആന്ത്രാക്സ്, സ്ട്രെപ്റ്റോകോക്കസ് സൂയിസ് (ബധിര പനി – deafness fever) എന്നറിയപ്പെടുന്ന ബാക്ടീരിയ അണുബാധ പൊട്ടിപ്പുറപ്പെട്ടതായി സ്ഥിരീകരിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി ജാഗ്രതാനിർദേശം നൽകി തായ്‌ലൻഡ്. മുക്ദഹാൻ പ്രവിശ്യയിലെ പൊതുജനാരോഗ്യ അധികൃതർ, ഇതുവരെ സ്ഥിരീകരിച്ച മൂന്ന് ആന്ത്രാക്സ് കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പട്ടായ മെയിൽ റിപ്പോർട്ട് ചെയ്തു. രോഗികളിൽ ഒരാൾ മരിച്ചെങ്കിലും മറ്റു രണ്ടുപേർ ആശുപത്രികളിൽ ചികിത്സയിലാണ്.
രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 636 പേരെ കണ്ടെത്തുകയും മേഖലയിലുടനീളം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 538 പേരെ, ചർമ്മത്തെയും ദഹനനാളത്തെയും ബാധിക്കുന്ന ലക്ഷണങ്ങൾ കണ്ടതോടെ ഒരാഴചത്തേക്ക് നിരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. ഇതിൽ 98 പേർ നിർബന്ധിത നിരീക്ഷണത്തിലാണ്. അവർ ഡോക്സിസൈക്ലിൻ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചുവരികയാണ്.
ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ആന്ത്രാക്സ്, സാധാരണയായി രോഗബാധിതരായ മൃഗങ്ങളുമായോ, മലിനമായ മണ്ണുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് പകരുന്നത്. ബാക്ടീരിയയുടെ പ്രതിരോധശേഷിയുള്ള ബീജങ്ങൾ പരിസ്ഥിതിയിൽ പതിറ്റാണ്ടുകളോളം നിലനിൽക്കും.