Monday, November 25, 2024

യമുനാ നദിയിലെ ജലനിരപ്പ് സർവകാല റെക്കോർഡ് ഭേദിച്ചു: തലസ്ഥാനം വെളളപ്പൊക്ക ഭീഷണിയില്‍

കനത്ത മഴയില്‍ യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. സർവകാല റെക്കോർഡ് ഭേദിച്ച് യമുനാ നദി 208.46 മീറ്ററിലേക്ക് ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തലസ്ഥാന നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്.

1978-ലാണ് യമുനാ നദിയിലെ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന നിലയില്‍ രേഖപ്പെടുത്തിയത്; ഇത് 207.49 മീറ്റർ ആയിരുന്നു. ഈ റെക്കോര്‍ഡ് തകര്‍ത്താണ് വ്യാഴാഴ്ച രാവിലെ 208.46 മീറ്ററായി ജലനിരപ്പ് ഉയർന്നത്. അപകടസൂചനയിൽ നിന്ന് മൂന്നു മീറ്റർ മുകളിലാണ് നിലവിലെ ജലനിരപ്പ്. ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജ്, നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാലാണ് ഈ നിലയിലേക്ക് ജലനിരപ്പ് ഉയര്‍ന്നത്.

ഡൽഹിയില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ നടപടിയായി ഡൽഹി പോലീസ് 144 ഏർപ്പെടുത്തിയിരിക്കുകയാണ്. കരകവിഞ്ഞൊഴുകിയ നദിയിൽ നിന്നുള്ള വെള്ളം നഗരത്തിലേക്ക് ഒഴുകാൻ തുടങ്ങിയത് താമസക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കശ്മീർ ഗേറ്റിനും റിംഗ് റോഡിനും സമീപമുള്ള മൊണാസ്റ്ററി മാർക്കറ്റിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു.സ്ഥിതിഗതികൾ നേരിടാൻ സർക്കാർ തയ്യാറാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഡൽഹി ജലമന്ത്രി സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ ചേർന്ന അടിയന്തര യോഗത്തിനുശേഷം താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് അവിടം ഒഴിയാൻ ആവശ്യപ്പെട്ടു. ഇതുവരെ, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 16,500-ലധികം ആളുകളെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. യമുനയിൽ വെള്ളപ്പൊക്കമുണ്ടായാൽ ദേശീയ തലസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വെള്ളപ്പൊക്കം ഉണ്ടാകുന്നതു തടയാൻ താഴ്ന്ന പ്രദേശങ്ങളിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ട്.

Latest News